യുഎസില്‍ മലയാളി നഴ്‌സിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവിന് ജീവപര്യന്തം

മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ് മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് കൊല്ലപ്പെടത്.

വാഷിംഗ്ടണ്‍: യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവിന് വിധിച്ച് കോടതി. ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിനെയാണ് യുഎസിലെ ഫ്‌ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ് മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് കൊല്ലപ്പെടത്.

2020 ജൂലൈ 28ന് ആണ് കേസിനാസ്പദമായ സംഭവം. സൗത്ത് ഫ്‌ലോറിഡയിലെ കോറല്‍ സ്പ്രിങ്‌സിലുള്ള ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മെറിന്‍ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാര്‍ക്കിങ് ലോഡ്‌സില്‍ വെച്ച് ഭര്‍ത്താവ് ഫിലിപ്പ് മെറിനെ ആക്രമിച്ചത്.

മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്. തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു.

കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാല്‍ ഫിലിപ്പിനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി. ജീവപര്യന്തം തടവിന് പുറമേ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് 5 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്.

Exit mobile version