മുംബൈ: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരെ തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഓരോ ദിവസവും പത്ത് വയസില്‍ താഴെയുള്ള നിഷ്‌കളങ്കരായ കുരുന്നുകളാണ് മരിച്ചു വീഴുന്നതെന്ന് ഇര്‍ഫാന്‍ പത്താന്‍. ലോകം ഇതു കണ്ടിട്ടും നിശബ്ദരായി ഇരിക്കുകയാണെന്നും ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചു.
കായികതാരമെന്ന നിലക്ക് തനിക്ക് ഇതിനെതിരെ വാക്കുകള്‍ കൊണ്ട് മാത്രമെ പ്രതികരിക്കാനാവൂ എന്നും ഈ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.
വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാംപിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് നടന്ന വ്യോമാക്രമണത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപുകളിലൊന്നാണ് ജബലിയ. എന്നാല്‍ ഇവിടം ഹമാസിന്റെ പരിശീലന കേന്ദ്രമാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.
അതേസമയം, ഗാസയില്‍ കഴിഞ്ഞ മാസം 7 മുതല്‍ തുടങ്ങിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 8796 എന്നാണ് കണക്ക്. ഇതില്‍ 3648 പേര്‍ കുട്ടികളാണ്.