ജറുസലം: ഇസ്രയേല്‍ ബോംബാക്രമണങ്ങളില്‍ സാധാരണക്കാരായ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇനിയും എന്തും സംഭവിച്ചേക്കാം മാതാപിതാക്കള്‍ക്ക് ഇനിയും തന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടേക്കാം. തങ്ങള്‍ക്ക് എപ്പോള്‍ എവിടെവെച്ച് എന്ത് സംഭവിക്കും എന്നറിയാതെ, നാളെ ജീവനോടെ ഉണ്ടോ എന്നുപോലുമറിയാതെ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ് ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍.
ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ ദേഹത്തു മാതാപിതാക്കള്‍ പേരെഴുതിവയ്ക്കുകയാണ്. ബോംബാക്രമണങ്ങളില്‍ പരുക്കേറ്റു റഫായിലെ ആശുപത്രിയില്‍ ചികിത്സയിലുളള കുട്ടികളുടെ കൈകളിലോ കാലുകളിലോ ഇങ്ങനെ പേരെഴുതിയിട്ടുണ്ട്.
മുപ്പത്തഞ്ചുകാരനായ അഹമ്മദ് അല്‍ സബ ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്കകത്തിരുന്നു തന്റെ കൈകളില്‍ സ്വന്തം പേര് എഴുതുകയാണ്. അദ്ദേഹത്തോട് എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ തങ്ങളുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്വന്തം പേരുകള്‍ എഴുതിയിടുകയാണ്’ എന്നായിരുന്നു മറുപടി.
ഗാസയിലെ ആശുപത്രികളില്‍ നൂറുകണക്കിന് കുട്ടികളടക്കമുള്ളവരാണ് ഇത്തരത്തില്‍ സ്വന്തം ശരീരത്തില്‍ പേരെഴുതി മരണഭയത്തോടെ ജീവിക്കുന്നത്.
ഈ കുഞ്ഞുങ്ങള്‍ക്ക് ഒരു പേരുണ്ടായിരുന്നുവെന്നു അറിയാനെങ്കിലും ഇത് സഹായിക്കുമല്ലോ എന്നാണു ഗാസാനിവാസികള്‍ പറയുന്നത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തി ഗാസ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ രേഖയില്‍, വികൃതമായിപ്പോയതിനാല്‍ 200 മൃതശരീരങ്ങള്‍ തിരിച്ചറിയാനായില്ലെന്നു വ്യക്തമാക്കിയിരുന്നു.