ലണ്ടന്‍: ഗാസയിലെ അല്‍-അഹ്‌ലി ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞി തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
‘നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഗാസയിലെ അല്‍-അഹ്ലി ആശുപത്രി സ്ഫോടനത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തേണ്ടതില്ല.പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ അവകാശവാദം തെറ്റാണ്. ഇസ്രായേല്‍ വ്യോമാക്രമണമല്ല, ഗാസയ്ക്കുള്ളില്‍ നിന്ന് വിക്ഷേപിച്ച മിസൈലില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായത് എന്ന് യുകെ ഇന്റലിജന്‍സ് കണ്ടെത്തി’- എന്നാണ് ഋഷി സുനക് ഹൗസ് ഓഫ് കോമണില്‍ സംസാരിക്കവെ പറഞ്ഞത്.
ഗസയ്ക്ക് അകത്തുനിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈല്‍ സ്‌ഫോടനത്തിന് കാരണമായതെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ നേതൃത്വത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 471 പേര്‍ കൊല്ലപ്പെട്ടതായാണ് അറിയിച്ചത്. എന്നാല്‍ ഇസ്രായേല്‍ ഉത്തരവാദിത്തം നിഷേധിച്ചിരുന്നു. പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് നടത്തിയ തെറ്റായ റോക്കറ്റ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ആരപോപിക്കുകയും ചെയ്തിരുന്നു.
Also Read-ഖത്തറും ഈജിപ്തും ഇടപെട്ടു; സ്ത്രീകളായ രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; മരണം 5000 കവിഞ്ഞെന്ന് ഗാസ ആരോഗ്യമന്ത്രാലയം
അതേസമയം, ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് സമാനമാണെന്നും ഋഷി സുനക് പ്രസ്താവിച്ചു. വ്‌ലാഡിമിര്‍ പുട്ടിനും ഹമാസും പരാജയപ്പെടും. ഇസ്രയേലിന് 20 ദശലക്ഷം യൂറോയുടെ സഹായം അനുവദിച്ചെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.