ജറുസലേം: ഗാസയിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായതിന് പിന്നാലെ വെസ്റ്റ്ബാങ്കിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജന്‍സി സ്ഥിരീകരിച്ചു.
ഈ ആക്രമണത്തിനിടെ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേല്‍ അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കില്‍ 30 ലക്ഷത്തോളം പലസ്തീനികളാണ് താമസിച്ചുവരുന്നത്. വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. കൂടാതെ, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്നാരോപിച്ച് ഒരു പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചനകള്‍. ഗാസയിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. കൂടുതല്‍ ശക്തമായ ആക്രമണമാണ് വരും ദിവസങ്ങളില്‍ നടത്തുകയെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ALSO READ- മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, അരിതേടിയിറങ്ങി ഒടുവില്‍ ബീന്‍സും പയറും തിന്ന് മടക്കം
കരയാക്രമണത്തിലേക്ക് പ്രവേശിക്കുന്ന സൈനികര്‍ക്ക് സഹായമൊരുക്കാന്‍ ഇന്ന് മുതല്‍ വ്യോമാക്രമണം വര്‍ധിപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനം. ‘ഞങ്ങള്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കും, യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഞങ്ങളുടെ സൈനികരുടെ അപകടസാധ്യത കുറയ്ക്കും, ഇന്ന് മുതല്‍ ഞങ്ങള്‍ ആക്രമണം ശക്തമാക്കും’-ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചതിങ്ങനെ.
ഗാസ സിറ്റിയിലുള്‍പ്പടെ ഉള്ളവര്‍ ഉടനെ തന്നെ തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്യണമെന്നും ഇവിടെ തുടര്‍ന്നാല്‍ ഹമാസ് ആയി കണക്കാക്കി ആക്രമണം നടത്തുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി.