വാഷിങ്ടണ്‍: യുഎസിലേക്ക് എത്താന്‍ ഇനി ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് വിസ വേണ്ട. 90 ദിവസം വരെയാണ് ഇത്തരത്തില്‍ യുഎസിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക. നവംബര്‍ 30 മുതല്‍ പുതിയ സംവിധാനം ആരംഭിക്കുമെന്ന് മുന്‍പ് യുഎസ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് നേരത്തെയാക്കുകയായിരുന്നു.
ഇനി പ്രതീക്ഷിച്ചതിലും നേരത്തെഇസ്രായേല്‍ പൗരന്‍മാര്‍ക്ക് യുഎസിലെത്താനാകുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസിലേക്ക് വരാന്‍ വിസ വേണ്ടാത്ത രാജ്യങ്ങളില്‍ ഇസ്രായേലിനെയും ഉള്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇസ്രയേലിന് സഹായവുമായി അമേരിക്കന്‍സ്ഥാപിത ഭക്ഷണശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് രംഗത്തെത്തി. ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുകയാണ് മക്‌ഡോണാള്‍ഡ്‌സ്. മക്‌ഡോണാള്‍ഡ് സൈനികര്‍ക്കും ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേല്‍ പൗരന്‍മാര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
ഇനിയും അത് തുടരുമെന്നും കമ്പനി അറിയിച്ചു. പ്രതിദിനം 4000 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തീരുമാനമാണ് മക്‌ഡോണാള്‍ഡ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നല്‍കുന്ന കാര്യം മക്‌ഡോണാള്‍ഡ് പ്രഖ്യാപിച്ചത്.
കുറേ ദിവസങ്ങളായി ഏകദേശം 10,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. പ്രതിദിനം 4000 ഭക്ഷണപൊതികള്‍ നല്‍കുകയാണ് ലക്ഷ്യം. ഇതുവരെ കമ്പനി സൈനികര്‍ക്കും ഇസ്രായേലിലെ താമസക്കാര്‍ക്കുമായി 12,000 ഭക്ഷണപൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്.