ജറുസലേം: ഇസ്രയേലില്‍ പ്രവേശിച്ച് സംഗീത നിശയ്ക്കിടെ ആക്രമണം നടത്തി ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഈ മാസം 7ന് തെക്കന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനിടെ ബന്ദിയാക്കിയ 21കാരിയുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തിനിടെ ഇരുന്നൂറോളം പേരെ ബന്ദികളാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഇതാദ്യമായാണ് ബന്ദികളില്‍ ഒരാളുടെ വിഡിയോ ഹമാസ് പുറത്തുവിടുന്നത്. 21 വയസുകാരിയായ മിയ സ്‌കീം എന്നു പരിചയപ്പെടുത്തുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഹമാസിന്റെ സൈനിക വിഭാഗം ഇസ് അദ്-ദിന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടത്.
ഗാസ അതിര്‍ത്തിക്കടുത്തുള്ള ഒരു ചെറിയ ഇസ്രായേലി നഗരമായ സ്ദെറോത്തില്‍ തമാസിക്കുന്നയാളാണ് താനെന്നാണ് മിയ വീഡിയോയില്‍ പറയുന്നത്. ഇന്നലെയാണ് ഹമാസ് വീഡിയോ പുറത്തുവിട്ടത്.
തെക്കന്‍ ഇസ്രയേലില്‍ കിബുറ്റ്‌സില്‍ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയ മിയ സ്‌കീം ഉള്‍പ്പടെയുള്ളവരെ ബന്ദികളാക്കുകയും ആക്രമണത്തില്‍ 260 പേരെ വെടിവെയ്പില്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു ഹമാസ്. കൊല്ലപ്പെട്ടവരില്‍ ഏറെയും ചെറുപ്പക്കാരാണ്.
അതേസയം മിയയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുടുംബവും പ്രതികരണവുമായി രംഗത്തെത്തി. അവളെ സുരക്ഷിതയായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇസ്രയേല്‍-ഫ്രഞ്ച് ഇരട്ട പൗരത്വമുള്ളയാളാണ് മിയ. മിയയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയെ ബന്ധുക്കള്‍ സമീപിച്ചിരുന്നു.
Discussion about this post