രണ്ട് പതിറ്റാണ്ടുകളോളം അനുയോജ്യനായ വരന് വേണ്ടി കാത്തിരുന്നിട്ടും കണ്ടെത്താനാകാതെ വന്നതോടെ സ്വയം വിവാഹം ചെയ്ത് ഒരു യുവതി. ബ്രിട്ടീഷുകാരിയായ സാറ വില്‍ക്കിന്‍സണ്‍ ആണ് 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ സ്വയം വിവാഹിതയായത്.
42-ാം വയസിലെ ഈ വിവാഹത്തിനായി സാറ ചെലവഴിച്ചത് 10 ലക്ഷം രൂപയാണ്. ഓരോ മാസവും വിവാഹത്തിനായി കൂട്ടിവെച്ച പൈസയും ഭാഗ്യമത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ പണവും എല്ലാം ഉപയോഗിച്ചാണ് സാറയുടെ സ്വയം വിവാഹം ചെയ്യല്‍. സുഫോല്ക്കിലെ ഫെലിക്സ്റ്റോവിലെ ഹാര്‍വസ്റ്റ് ഹൗസില്‍ വെച്ച് സെപ്റ്റംബര്‍ 30-നായിരുന്നു സാറയുടെ വിവാഹം.
വിവാഹച്ചടങ്ങിന് ശേഷം വെഡ്ഡിങ് കേക്ക് മുറിക്കുകയും ഫോട്ടോ പകര്‍ത്തുകയും ചെയ്തു. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് ബ്രൈഡ്സ് മെയ്ഡുകളായി വന്നത്. ഒരു വരനില്ലെന്ന് കരുതി വിവാഹത്തിന്റെ ചടങ്ങുകളും ആഘോഷവും ഒന്നും സാറ മുടക്കിയില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേരെയാണ് സാറ ക്ഷണിച്ച് വിരുന്ന് നല്‍കിയത്.
വിവാഹവസ്ത്രമായി വെള്ള ഗൗണ്‍ തിരഞ്ഞെടുത്ത സാറ അതിസുന്ദരിയായി അണിഞ്ഞ് ഒരുങ്ങിയാണ് അമ്മയുടെ കൈപിടിച്ച് വേദിയിലേക്ക് വന്നത്. സ്വയം അണിഞ്ഞ ഡയമണ്ട് മോതിരവും സാറയുടെ കൈയ്യിലുണ്ടായിരുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് തന്നെ വീട്ടില്‍ തനിച്ചായ സമയത്ത് സാറ ഈ വിവാഹ മോതിരം അണിഞ്ഞിരുന്നു. അന്ന് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി താന്‍ സ്വയം കരുതിയിരുന്നെന്നും സാറ പറയുന്നു.
‘ഔദ്യോഗികമായി നടത്തപ്പെട്ടിട്ടില്ലെങ്കിലും അത് എന്റെ വിവാഹം തന്നെയാണ്. വരനില്ലെങ്കിലും വിവാഹം നടത്തിയാല്‍ എന്താണ് പ്രശ്നം എന്നാണ് ഞാന്‍ ആലോചിച്ചത്. എന്റെ വിവാഹത്തിനായി സൂക്ഷിച്ചുവെച്ച പണം മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു.’-എന്നാണ് സാറ പിന്നീട് ബിബിസി റേഡിയോക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
Discussion about this post