ന്യൂഡല്‍ഹി: ഇസ്രായേല്‍-പാലസ്തീന്‍ പോരാട്ടത്തിന്റെ ഫലമായ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നു. എണ്ണവില ബാരലിന് 90 ഡോളറിലേക്ക് അടുക്കുകയാണ്. ഏപ്രിലിന് ശേഷം ഒരു ദിവസം എണ്ണവില ഇത്രയും ഉയരുന്നത് ഇതാദ്യമായാണ്.
ബ്രെന്റ് ക്രൂഡിന്റെ വില 5.7 ശതമാനം ഉയര്‍ന്ന് 90.89 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 5.9 ശതമാനം ഉയര്‍ന്ന് 87.69ലും വ്യാപാരം അവസാനിപ്പിച്ചു.
ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വടക്കന്‍ ഗാസയില്‍ നിന്നും 11 ലക്ഷം ആളുകളോട് മാറിതാമസിക്കാന്‍ ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക പടര്‍ത്തിയതോടെയാണ് എണ്ണവിലയെ സ്വാധീനിച്ചത്.
മിഡില്‍ ഈസ്റ്റിലേക്ക് സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക എണ്ണവിപണിക്കുണ്ടെന്നെ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ സംഭവിച്ചാല് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ALSO READ- ഇസ്രയേലിനെതിരെ പൂര്‍ണസജ്ജം; സമയമാവുമ്പോള്‍ ഹമാസിനൊപ്പം ചേരുമെന്ന് ഹിസ്ബുള്ള ഉപമേധാവി
സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ എണ്ണക്ക് യുഎസ് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അത് സ്ഥിതി ഗുരുതരമാകുന്നതിന് ഇടയാക്കുമെന്നും ഏജന്‍സിയുടെ മുന്നറിയിപ്പുണ്ട്. ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം എണ്ണവിപണിയില്‍ ഉടന്‍ സ്വാധീനം ചെലുത്തില്ലെന്നും വന്‍ വര്‍ധനവ് വര്‍ഷാവസാനം വരെ പ്രതീക്ഷിക്കേണ്ടെന്നും ജെപി മോര്‍ഗന്‍ പ്രതികരിച്ചു.