യ്‌റൂത്ത്: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സമയമാവുമ്പോള്‍ ഹമാസിനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ച് ലെബനനിലെ സായുധസംഘം ഹിസ്ബുള്ള. തങ്ങള്‍ പൂര്‍ണസജ്ജമാണെന്നും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പ്രഖ്യാപിച്ചു. പലസ്തീന്‍ അനുകൂല റാലിയില്‍ സംസാരിക്കവെ ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിമാണ് ഇക്കാര്യം പറഞ്ഞത്.
അറബ് രാജ്യങ്ങളും മറ്റുചില പ്രധാനരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനയുടെ അധികൃതരും നേരിട്ടോ അല്ലാതെയോ യുദ്ധത്തില്‍ പങ്കുചേരരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ ഹിസ്ബുള്ള ശരിയായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും തങ്ങളുടെ കാഴ്ചപ്പാടിനും പദ്ധതിക്കും അനുസരിച്ച് അത് തുടരുമെന്നും നയിം ഖാസിം വ്യക്തമാക്കി. ഹിസ്ബുള്ളയ്ക്ക് കടമകളെക്കുറിച്ച് പൂര്‍ണബോധ്യമുണ്ടെന്നും ഖാസിം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ലെബനില്‍ അതിര്‍ത്തി കടന്ന് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയും പലസ്തീന്‍ അനുകൂല സംഘടനകളുമായും ഉണ്ടായ തെക്കന്‍ ലെബനനിലെ ഏറ്റുമുട്ടലില്‍ ഒരു റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും എഎഫ്പി, റോയിട്ടേഴ്‌സ്, അല്‍ ജസീറ തുടങ്ങിയ സ്ഥാപനങ്ങളുടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post