ജറുസലേം: ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഗാസയ്ക്ക് അനുവദിക്കുകയില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി കാട്സിന്റെ മുന്നറിയിപ്പ്.
ഇസ്രയേലിന്റെ നേര്‍ക്ക് നടത്തിയ ആക്രമണത്തിനിടെയാണ് 150-ഓളം ഇസ്രയേലി പൗരരേയും വിദേശികളേയും ഇരട്ടപൗരത്വമുള്ളവരേയും ഹമാസ് ബലമായി കടത്തിക്കൊണ്ടുപോയത്. ‘ഇസ്രയേലില്‍ നിന്നുള്ള ബന്ദികള്‍ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല, ഒരു ഇന്ധനട്രക്ക് പോലും ഗാസയിലേക്ക് പ്രവേശിക്കില്ല’, ഇസ്രയേല്‍ കാട്സ് വ്യക്തമാക്കി.
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പലസ്തീന്റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടിയിരുന്നു.
ഇസ്രയേല്‍- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ ഇരുഭാഗത്തുമായി മരണം 3,600 കടന്നു. കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ സൈന്യം കടന്നേക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
Discussion about this post