ഡമാസ്‌കസ്: ഗാസയിലേക്കുള്ള സൈനിക മുന്നേറ്റത്തിനും ഹമാസുമായുള്ള ഏറ്റുമുട്ടലിനും ഇടയില്‍ സിറിയയ്ക്കു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ഹമാസ് നുഴഞ്ഞുകയറി ആക്രമണം നടത്തിയതിന് പിന്നാലെ ആരംഭിച്ച സംഘര്‍ഷം അഞ്ച് ദിവസമായി തുടരുകയാണ്. ഇതുവരെ ഇരുപക്ഷത്തുമായി 3700-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കനത്ത വ്യോമാക്രമണത്തിനൊപ്പം ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ലക്ഷക്കണക്കിന് സനൈികര്‍ ഗാസയെ ആക്രമിക്കാനായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. നിര്‍ദേശം ലഭിച്ചാലുടന്‍ ആക്രമണം നടത്താനാണ് പദ്ധതി.
ഇസ്രയേല്‍ അധിനിവേശ ലബനന്‍ മേഖലയില്‍ സായുധ സംഘമായ ഹിസുബുള്ള നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേലിന്റെ സിറിയന്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 12 വര്‍ഷം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളേയും ഹിസ്ബുള്ളയേയും ലക്ഷ്യമിട്ട് മുന്‍പും ഇസ്രയേല്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.
ഗാസ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിന് ഇടയിലാണ് ഇസ്രയേല്‍ സിറിയയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച സിറിയ ലക്ഷ്യമാക്കി ഇസ്രയേല്‍ ഷെല്ലാക്രമണവും നടത്തിയിരുന്നു.