ഗാസ: ഹമാസ്- ഇസ്രയേല്‍ യുദ്ധം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഇരുട്ടിലായി ഹമാസ്. ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഗാസയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഹമാസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഗാസയുടെ ഏക പവര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായി ഗാസ അധികൃതര്‍ പറഞ്ഞു.
”ഗാസയില്‍ നിലവില്‍ വൈദ്യുതിയില്ല,” ഗാസ പവര്‍ അതോറിറ്റി മേധാവി ഗലാല്‍ ഇസ്മായില്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് മറുപടിയായി ഫലസ്തീന്‍ എന്‍ക്ലേവ് ‘സമ്പൂര്‍ണ ഉപരോധത്തിന്’ ഉത്തരവിടുമെന്നും വൈദ്യുതി, ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവയ്ക്കുള്ള പ്രവേശനം അടച്ചുപൂട്ടുമെന്നും ഇസ്രായേല്‍ സര്‍ക്കാര്‍ പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് പവര്‍ പ്ലാന്റ് അടച്ചുപൂട്ടിയത്. കുറഞ്ഞത് 1,200 ആളുകള്‍ക്കാണ് യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത്.
ഗാസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചിരിക്കുന്ന സാഹചര്യത്തില്‍, പവര്‍ പ്ലാന്റിലേക്കും ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആശ്രയിക്കുന്ന ജനറേറ്ററുകളിലേക്കും ഇന്ധനം എത്തിക്കാന്‍ സാധ്യമല്ല.
അതേസമയം, ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗാസയിലേക്ക് കരമാര്‍ഗമുള്ള ആക്രമണം ആരംഭിക്കും എന്നാണ് സൂചന. ഗാസയില്‍ കണ്ണുംപൂട്ടി ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി സൈന്യത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുന്‍പ് എങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിര്‍ദേശിച്ചു.
ഗാസയില്‍ മാറ്റം വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാല്‍ അവര്‍ വിചാരിക്കാത്ത തരത്തില്‍ 180 ഡിഗ്രി മാറുന്ന തരത്തിലുള്ള മാറ്റമാണ് നടപ്പാക്കേണ്ടത്. ആക്രമണം നടത്തിയതില്‍ അവര്‍ ഖേദിക്കണം. രാജ്യത്തെ ജനങ്ങളെ, സ്ത്രീകളെ കൊലപ്പെടുത്തിയവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.
ഹമാസിന്റെ പ്രധാന നേതാക്കളെ വധിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദികളെ കണ്ടെത്തി ഉന്മൂലനം ചെയ്യാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും അഡ്മിറല്‍ ഹഗാരി വ്യക്തമാക്കി.