ജറുസലേം: ഹമാസ്-ഇസ്രയേല്‍ ഏറ്റുമുട്ടലിനിടെ ഗാസയില്‍ വന്‍ പോരാട്ടം. യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാസയില്‍ വ്യോമാക്രമണം രൂക്ഷമായത്. ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു.
‘ഞങ്ങള്‍ തുടങ്ങി, ഇസ്രയേല്‍ വിജയിക്കും’ എന്ന ക്യാപ്ഷനോടെയാണ് പ്രധാനമന്ത്രി തന്നെ ഏറ്റുമുട്ടല്‍ വീഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. ഗാസയില്‍ നടക്കുന്ന തുടര്‍ച്ചയായ ബോംബ് വര്‍ഷത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തുന്നതു വിഡിയോയില്‍ കാണാം. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 700 കടന്നെന്നാണ് കണക്ക്.
התחלנו. ישראל תנצח 🇮🇱 pic.twitter.com/tCwDLXkyaY
— Benjamin Netanyahu – בנימין נתניהו (@netanyahu) October 9, 2023
ഗാസ സിറ്റിയില്‍ കനത്ത വ്യോമാക്രമണവും തുടരുകയാണ്. 23 ലക്ഷം ജനസംഖ്യയുള്ള ഗാസയില്‍ ശനിയാഴ്ച രാത്രി തന്നെ വൈദ്യുതി നിലച്ചിരുന്നു. വ്യോമാക്രമണം കനത്തതോടെ ഗാസ സിറ്റിയിലെ 1.37 ലക്ഷം പേര് 2 ദിവസത്തിനിടെ വീടൊഴിഞ്ഞ് പോയെന്നാണു റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ജബാലിയയില്‍ വ്യോമാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു.
വ്യോമാക്രമണത്തിന് പുറമെ കരയുദ്ധത്തിനും തയ്യാറെടുക്കുകയാണ് ഇസ്രയേല്‍. ഗാസയ്ക്കുനേരെ കരയാക്രമണം നടത്താന്‍ 3 ലക്ഷം റിസര്‍വ് സൈനികരെ സജ്ജരാക്കിയിരിക്കുകയാണ്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലെ വൈദ്യുതിയും ഭക്ഷണവും ഇന്ധനവും തടഞ്ഞ് പൂര്‍ണ ഉപരോധത്തിന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉത്തരവിട്ടു.
ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 ആയി. ഇതില്‍ 10 നേപ്പാള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഇന്നലെ ഗാസയില്‍ 2750 പേര്‍ക്കും ഇസ്രയേലില്‍ 224 പേര്‍ക്കുമാണു പരുക്കേറ്റത്.ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ പൗരന്മാരായ 4 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സൈനികവിഭാഗമായ ദിന് അല്‍ ഖസം ബ്രിഗേഡ്സ് അറിയിച്ചു. കുട്ടികളടക്കം നൂറിലേറെപ്പേര്‍ ബന്ദികളായി ഗാസയിലുണ്ടെന്നാണു റിപ്പോര്‍ട്ട്.
Discussion about this post