ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ തുടരുന്നു; മരണസംഖ്യ 201 ആയി; ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോഡി

ടെല്‍അവീവ്: ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചതോടെ ഗാസയില്‍ രക്തച്ചൊരിച്ചില്‍. ഇരുകൂട്ടരും ഏറ്റുമുട്ടല്‍ തുടങ്ങിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ നാല്‍പത് ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു.

അതേസമയം, ഹമാസിന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ പ്രതികരിച്ചു. ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം അറിയിച്ചു.

പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിതമായ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുകയാണ്.

പല മലയാളികളുടെയും താമസസ്ഥലം ഉള്‍പ്പെടെ തകര്‍ന്നു. കനത്ത ഷെല്‍ ആക്രമണവും ബോംബ് അക്രമണവും അനുഭവിക്കുകയാണെന്ന് ഇസ്രയേലിലെ മലയാളികള്‍ പറഞ്ഞു.

ALSO READ- റോക്കറ്റ് ആക്രമണത്തില്‍ മരണവും പരിക്കും; നുഴഞ്ഞുകയറിയവര്‍ ഇസ്രായേലികളെ ബന്ധികളാക്കി; ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേല്‍

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിലെ മലയാളികള്‍ സുരക്ഷിതരാണെന്ന് ഇസ്രയേലില്‍ ജോലി ചെയ്യുന്നവര്‍ പ്രതികരിച്ചു. എല്ലാ വീടുകളിലും ബങ്കറുകള്‍ ഉള്ളതിനാല്‍ സുരക്ഷിതരാണെന്നും മലയാളി നഴ്സുമാര്‍ പ്രതികരിച്ചിരിക്കുകയാണ്.

Exit mobile version