വാഷിങ്ടണ്‍: കുഞ്ഞുങ്ങളെ നോക്കാന്‍ ആയയെ തേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയും ഭാര്യ അപൂര്‍വയും. ശതകോടീശ്വരനായ വിവേക് കുട്ടികളെ നോക്കാന്‍ എത്തുന്നയാള്‍ക്ക് ഞെട്ടിപ്പിക്കുന്ന ശമ്പളമാണ് നല്‍കുക. 100,000 ഡോളറാണ് അതായത് 83 ലക്ഷം രൂപയാണ് നല്‍കുന്നത്.
26 ആഴ്ചത്തേക്കാണ് തന്റെ രണ്ടുകുട്ടികളെ നോക്കാനായി വിവേക് സഹായം ആവശ്യപ്പെടുന്നത്. ജോബ് സെര്‍ച്ചിങ് പോര്‍ട്ടലില്‍ ഇതിന്റെ വിശദാംശങ്ങള്‍ വിവേക് അപ്ലോഡ് ചെയ്തു. 7 ദിവസം ജോലി ചെയ്തതിന് ശേഷം 7 ദിവസം അവധി നല്‍കും. രണ്ടു ആണ്‍കുട്ടികളാണ് വിവേകിന്.
3 വയസ്സും 1 വയസ്സുമുള്ള മക്കളെ നോക്കാനെത്തുന്നവര്ക്കായി ചില നിബന്ധനകളും ജോബ് പോര്‍ട്ടലില്‍ രാമസ്വാമി കുറിച്ചിട്ടുണ്ട്. കുട്ടികളുടെ കളിസ്ഥലങ്ങള്‍ കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കുടുംബം എപ്പോഴും യാത്ര ചെയ്യാറുണ്ട്. അതിനാല്‍ ജോലിക്കെത്തുന്ന ആള് അവരോടൊപ്പം ചിലപ്പോള്‍ യാത്ര ചെയ്യേണ്ടി വരും. ഭക്ഷണം തയ്യാറാക്കുന്നതിലും ചുറ്റുപാട് വൃത്തിയാക്കുന്നതിലും സഹായിക്കണം. കൂടാതെ 21 വയസ്സിന് മുകളില്‍ ഉള്ളവര്‍ മാത്രമേ ജോലിക്ക് അപേക്ഷിക്കാവു എന്നും പോര്‍ട്ടലില്‍ കൊടുത്ത വിശദാംശങ്ങളില്‍ രേഖപ്പെടുത്തി.
Discussion about this post