യാത്രയ്ക്കിടെ 15,000 അടി താഴ്ചയിലേക്ക് വിമാനം, മൂന്ന് മിനിറ്റിനുള്ളില്‍ എല്ലാം അവസാനിച്ച പോലെ; അനുഭവം പങ്കുവെച്ച് യാത്രക്കാര്‍

മിനിറ്റുകള്‍ കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ വിമാനത്തിലെ യാത്രക്കാര്‍ പരിഭ്രാന്തരായി.

ഫ്‌ലോറിഡ: യാത്രയ്ക്കിടെ പെട്ടെന്ന് വിമാനം താഴേക്ക് പോയ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് വിമാനത്തിലുണ്ടായ യാത്രക്കാര്‍. മൂന്ന് മിനിറ്റു കൊണ്ട് വിമാനം ഏതാണ്ട് 15,000 അടി താഴ്ചയിലേക്ക് പോയതിന്റെ ഞെട്ടല്‍ മാറാതെയാണ് ഫ്‌ലോറിഡയില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 5916ലെ യാത്രക്കാര്‍. മിനിറ്റുകള്‍ കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ വിമാനത്തിലെ യാത്രക്കാര്‍ പരിഭ്രാന്തരായി.

വിമാനത്തിലെ മര്‍ദ വ്യതിയാനം കൊണ്ടുണ്ടായ പ്രശ്‌നങ്ങളാണ് സംഭവിച്ചതെന്ന് പിന്നീട് വിമാനക്കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. അതിഭീകരമായിരുന്നു വിമാനത്തിലെ അവസ്ഥയെന്ന് യാത്രക്കാരനും ഫ്‌ലോറിഡ സര്‍വകലാശലയിലെ പ്രൊഫസറുമായ ഹാരിസണ്‍ ഹോവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വിമാനത്തില്‍ എന്തോ കത്തിക്കരിയുന്ന ദുര്‍ഗന്ധം നിറഞ്ഞതായും യാത്രക്കാരുടെ ചെവികള്‍ അടഞ്ഞുപോയതായും അദ്ദേഹം പറയുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ വിമാനത്തിലെ ഓക്‌സിജന്‍ മാസ്‌കുകകള്‍ പുറത്തേക്ക് വന്നതും യാത്രക്കാര്‍ അത് ഉപയോഗിച്ച് ശ്വാസമെടുക്കുന്നതും കാണാം. അതേസമയം, കുറച്ച് നേരത്തേക്ക് എല്ലാം അവസാനിച്ച പോലെ തോന്നിയെന്ന് ചില യാത്രക്കാര്‍ പറയുന്നു.

Exit mobile version