കാബൂൾ: സംഗീത ഉപകരണങ്ങൾക്ക് എല്ലാം വിലക്ക് ഏർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. രാജ്യത്ത് ഇനി സംഗീത ഉപകരണങ്ങൾ നിർമ്മിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. രാജ്യത്തിന്റെ മൂല്യച്യുതിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം. നിരോധനത്തിന് പിന്നാലെ സംഗീത ഉപകരണങ്ങൾ പിടിച്ചെടുത്ത് കത്തിക്കുകയും ചെയ്തിട്ടുണ്ട്.
യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സംഗീത ഉപരോധത്തിന് താലിബാൻ ഉന്നയിക്കുന്ന വാദം. ടിവി, റേഡിയോ, പൊതു ഇടങ്ങളിലെ സംഗീത പരിപാടികൾ എന്നിവ നേരത്തെ താലിബാൻ നിരോധിക്കുകയും ചെയ്തിരുന്നു.
2021ൽ അഫ്ഗാനിസ്ഥാനിൽ ഭരണമേറ്റെടുത്ത താലിബാൻ ഏർപ്പെടുത്തിയ നിരോധനങ്ങളിൽ ഒടുവിലത്തേതാണ് സംഗീത ഉപകരണങ്ങൾക്കുളള നിരോധനം. അതേസമയം, ഈ പ്രഖ്യാപനത്തിന് പിന്നാലെ പടിഞ്ഞാറൻ അഫ്ഗാനിലെ ഹെറത്ത് പ്രവിശ്യയിൽ ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന സംഗീത ഉപകരണങ്ങൾ താലിബാൻ പിടിച്ചെടുത്ത് കത്തിച്ചെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തൻരെ സംഗീത ഉപകരണം കത്തിക്കുന്നത് കണ്ട് പൊട്ടിക്കരയുന്ന കലാകാരനേയും അതുകണ്ട് പൊട്ടിച്ചിരിക്കുന്ന താലിബാൻ അനുകൂലികളേയും പുറത്തെത്തിയ ദൃശ്യങ്ങളിൽ കാണാം.
നേരത്തെ, 1990 ൽ അധികാരത്തിലെത്തിയപ്പോഴും സംഗീതത്തിന് താലിബാൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് താലിബാൻ ഭരണം അവസാനിച്ചതിനെ തുടർന്ന് സംഗീതപരിപാടികൾ രാജ്യത്ത് വ്യാപകമായിരുന്നു. 2021 ൽ വീണ്ടും താലിബാൻ അധികാരത്തിലെത്തിയപ്പോൾ രാജ്യത്തെ ഗായകരും കലാകാരന്മാരും ഭൂരിഭാഗവും നാടുവിടുകയായിരുന്നു.
കൂടാതെ അധികാരമേറ്റതിന് ശേഷം കടുത്ത നിയന്ത്രണങ്ങളും സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്. കണ്ണ് മാത്രം വെളിവാക്കുന്ന വസ്ത്രമേ ധരിക്കാവൂ, 72 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യണമെങ്കിൽ പുരുഷ ബന്ധു കൂടെ വേണം, സ്കൂൾ, സർവ്വകലാശാലകൾ, ജിമ്മുകൾ പാർക്കുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് നിരോധനമുണ്ട്.
രാജ്യത്തുടനീളമുള്ള എല്ലാ ഹെയർ ആൻഡ് ബ്യൂട്ടി സലൂണുകളും താലിബാന്റെ ഉത്തരവനുസരിച്ച് അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാണിച്ച് അടച്ചുപൂട്ടിയിരുന്നു.
Discussion about this post