കാന്‍മ്പറ: നമുക്ക് അപരിചിതമായ വഴികളില്‍ വഴികാട്ടി മറ്റാരുമല്ല ഗൂഗിള്‍ മാപ്പ് തന്നെയാണ്. പക്ഷേ പലപ്പോഴും കുഴിയില്‍ ചാടിച്ചിട്ടുണ്ട്. പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും ഗൂഗിള്‍ മാപ്പ് വിട്ടൊരു കളിയില്ല എന്ന വേണം പറയാന്‍. അത്തരത്തില്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് ഇറങ്ങിതിരിച്ച യുവാവിന്റെ അനുഭവമാണ് വൈറലാകുന്നത്. ലക്ഷ്യസ്ഥാനത്തേയ്ക്ക് വെറും 15 മിനിറ്റ് മാത്രമുള്ളമുള്ളപ്പോള്‍ തനിയ്ക്ക് സഞ്ചരിക്കേണ്ടി വന്നത് 2 മണിക്കൂര്‍ ആയിരുന്നെന്ന് യുവാവ് പറയുന്നു.
ഓസ്‌ട്രേലിയയിലെ ബ്രൂസ് എന്ന പേരുള്ള യുവാവിനാണ് ഗൂഗിള്‍ മാപ്പില്‍ നിന്നും ഇത്തരത്തിലൊരു അമളി സംഭവിച്ചത്. ജീവിതത്തില്‍ താന്‍ ഇതുവരെ കടന്നുപോകാത്ത രണ്ടു മണിക്കൂര്‍ നീണ്ട യാത്രയാണ് ഗൂഗിള്‍ സമ്മാനിച്ചതെന്ന് ബ്രൂസ് എന്ന പേരുള്ള യുവാവ് വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഫോട്ടോകള്‍ സഹിതം തന്റെ കഠിന യാത്രയുടെ വിവരങ്ങള്‍ ബ്രൂസ് പങ്കുവച്ചത്. കുന്നുകളും നദികളും മഴക്കാടുകളും അടങ്ങിയ പ്രദേശത്തു കൂടെയായിരുന്നു ബ്രൂസിനു സഞ്ചരിക്കേണ്ടി വന്നത്. യാത്ര കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും അപകടം മണത്തെങ്കിലും സഞ്ചരിച്ചിരുന്ന ഫോര്‍ഡ് റേഞ്ചര്‍ തിരിക്കാന്‍ പോലും കഴിയാത്ത വിധം ഇടുങ്ങിയ വഴിയായിരുന്നു അത്.
ഏതാണ്ട് 1000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ഡീസലും 20 ലിറ്റര്‍ വെള്ളവും രാത്രി ആവശ്യമെങ്കില്‍ താമസിക്കാന്‍ ഉപകരിക്കുന്ന ടെന്റും കൈവശമുണ്ടായിരുന്നതിനാല്‍ വലിയ ആശങ്കയില്ലായിരുന്നുവെന്നു ബ്രൂസ് പറയുന്നു. യാതൊരുവിധ നിയന്ത്രണവും കിട്ടാത്ത കുത്തനെയുള്ള ഇറക്കങ്ങളിലൂടെ വാഹനം സ്വയം സഞ്ചരിക്കുകയായിരുന്നു. ഇടയില്‍ വന്നെത്തിയ മഴക്കാടിന്റെയും കുറുകെ ഒഴുകുന്ന നദിയുടെയുമെല്ലാം ഫോട്ടോകളെടുത്തു ആസ്വദിച്ചായിരുന്നു യാത്രയെങ്കിലും രണ്ടു മണിക്കൂറിലേറെ എടുത്താണ് പരിചിത വഴിയിലേക്കു തിരിച്ചെത്തിയത്.