പെഷവാര്‍: സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട പാക് കാമുകനെ കാണാനായി അതിര്‍ത്തി കടന്ന് ചൈനീസ് പെണ്‍കുട്ടി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുള്ള സുഹൃത്തിനെ കാണാനാണ് ഗാവോ ഫെങ് എന്ന ചൈനീസ് പെണ്‍കുട്ടി പാകിസ്ഥാനില്‍ എത്തിയത്. മൂന്ന് മാസത്തെ സന്ദര്‍ശന വിസയുമായി ചൈനയില്‍ നിന്ന് റോഡ് മാര്‍ഗം ബുധനാഴ്ചയാണ് ഗാവോ ഫെങ് കാമുകനെ തേടി ഇസ്ലാമാബാദില് എത്തിയത്.
അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയിലുള്ള ബജൗര്‍ ആദിവാസി ജില്ലയില്‍ താമസിക്കുന്ന 18 വയസ്സുകാരനായ ജാവേദിനെ തേടിയാണ് 21കാരി എത്തിയത്. അതേസമയം, അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയായ ബജൗര്‍ ജില്ലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാവേദ് പെണ്‍കുട്ടിയെ ലോവര്‍ ദിര് ജില്ലയിലെ സമര്‍ബാഗ് തഹ്സിലിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി.
ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്നാപ്ചാറ്റ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സൗഹൃദം പ്രണയമായി മാറുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് പെണ്‍കുട്ടിക്ക് സമര്‍ബാഗ് മേഖലയില്‍ പൂര്‍ണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ലോവര്‍ ദിര് ഡിസ്ട്രിക്ട് ജില്ലാ പോലീസ് ഓഫീസര്‍ സിയാവുദ്ദീന് പറഞ്ഞു. യുവതിയുടെ യാത്രാരേഖകള്‍ എല്ലാം പരിശോധിച്ചതായും ജാവേദും യുവതിയും തമ്മിലുള്ള നിക്കാഹ് ഇതുവരെ നടത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post