ബീജിങ്: ചൈനയില്‍ കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി. വാങ് യുന്‍ എന്ന 39 വയസുകാരിയുടെ വധശിക്ഷയാണ് വെള്ളിയാഴ്ച നടപ്പാക്കിയത്.
നാല് വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. സെന്‍ട്രല്‍ ചൈനയിലെ ഒരു കിന്റര്‍ ഗാര്‍ട്ടനില്‍ ജോലി ചെയ്ത അധ്യാപികയുടെ പ്രവൃത്തി കാരണം ഒരു കുട്ടി മരിക്കുകയും മറ്റ് 24 കുട്ടികള്‍ക്ക് വിഷബാധയേറ്റ് ചികിത്സയില്‍ കഴിയുകയും ചെയ്തിരുന്നു. കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം നൈട്രൈറ്റ് എന്ന രാസവസ്തുവാണ് അധ്യാപിക കലര്‍ത്തിയത്.
കൂടെ ജോലി ചെയ്യുന്ന മറ്റൊരു അധ്യാപികയോടുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് 2019 മാര്‍ച്ചിലാണ് വാങ് വിഷം വാങ്ങിയത്. പിന്നീട് അടുത്ത ദിവസം തന്നെ ആ അധ്യാപിക കുട്ടികളുടെ ഭക്ഷണത്തില്‍ കലര്‍ത്തുകയും ചെയ്തു. 2020 ജനുവരിയില്‍ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി ഒരു കുട്ടി മരിച്ചിരുന്നു. മറ്റ് രണ്ട് ഡസനോളം കുട്ടികള്‍ ചികിത്സയിലായിരുന്നു.
2020 സെപ്റ്റബറില്‍ ഹെനാന്‍ പ്രവിശ്യയിലുള്ള ജിയോസുവോ സിറ്റി ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരായ അപ്പീലുകള്‍ പിന്നീട് തള്ളിയിരുന്നു. വ്യാഴാഴ്ച പ്രതിയെ ഔദ്യോഗികമായി തിരിച്ചറിയല്‍ പരിശോധന നടത്തി. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു.