റിയോ ഡി ജനീറോ: ആഡംബര വസതിയിൽ നിയമം ലംഘിച്ച് കൃത്രിമ തടാകവും മോടി പിടിപ്പിക്കലും നടത്തിയ ബ്രസീൽ ഫുട്ബാൾ സൂപ്പർ താരം നെയ്മർക്ക് വൻതുക പിഴയിട്ടു. ബ്രസീലിലെ മംഗറാരാത്തിബ ടൗൺ കൗൺസിലാണ് 3.3 ദശലക്ഷം ഡോളർ (ഏകദേശം 27 കോടി രൂപ) നെയ്മർക്ക് പിഴ ചുമത്തിയത്.
തലസ്ഥാനമായ റിയോ ഡി ജനീറോയിൽനിന്ന് 130 കിലോമീറ്റർ അകലെയാണ് നെയ്മറിന്റെ ആഡംബര ഭവനം. ഇവിടെ പാരിസ്ഥിതിക നിയമം ലംഘിച്ച് നിർമാണ പ്രവൃത്തികൾ നടത്തിയെന്നും അനുമതിയില്ലാതെ നദിയിലെ വെള്ളം വഴിതിരിച്ചുവിടലുൾപ്പടെ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
അനുമതി കൂടാതെ മണ്ണ് നീക്കൽ, സസ്യങ്ങൾ നശിപ്പിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങളും അഝികൃതർ കണ്ടെത്തി. അതേസമയം, നടപടിക്കെതിരെ അപ്പീൽ നൽകാൻ നെയ്മർക്ക് 20 ദിവസത്തെ സാവകാശമുണ്ട്.
ALSO READ- സ്വര്‍ണമാല വാങ്ങിക്കാനെന്ന വ്യാജേനെ എത്തി: നാല് പവന്റെ മാലയുമായി യുവാവ് മുങ്ങി
ജൂൺ 22നാണ് സോഷ്യൽമീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമലംഘനം ആരോപിച്ച് അധികൃതർക്ക് പരാതി ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ജോലികൾ നിർത്തിവെപ്പിച്ചു.
2016ലാണ് നെയ്മർ മംഗരാത്തിബയിലെ ആഡംബര ഭവനം സ്വന്തമാക്കിയത്. 107000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഇവിടെ ഹെലിപാഡ്, ജിം, സ്പാ തുടങ്ങിയവയെല്ലാം ഉണ്ട്. നിലവിൽ വലതു കണങ്കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ പിഎസ്ജി താരം വിശ്രമത്തിലാണ്.
Discussion about this post