വാഷിങ്ടൺ: കടലിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൂറിസ്റ്റുകൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് ലോകം. ടൈറ്റൻ പേടകം കടലിനടിയിലെ മർദ്ദം താങ്ങാനാകാതെ തകർന്നെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തകർന്ന ടൈറ്റൻ പേടകത്തിന്റെ സുരക്ഷയിൽ തുടക്കം മുതൽ ആശങ്കയുണ്ടായിരുന്നെന്നാണ് ടൈറ്റൻ കടലിലിറക്കിയ കമ്പനിയിലെ മുൻജീവനക്കാരന്റെ വെളിപ്പെടുത്തൽ.
ടൈറ്റന്റെ മാതൃകമ്പനിയായ ഓഷ്യൻഗേറ്റിന്റെ മുൻജീവനക്കാരനായ ഡേവിഡ് ലോക്റിഡ്ജ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ടൈറ്റൻ പ്രവർത്തനക്ഷമമാകുന്നതിന് മുമ്പേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഓഷ്യൻഗേറ്റ് മുൻ ഓപ്പറേഷൻസ് ഡയറക്ടർ ആയിരുന്ന ഡേവിഡ് പറയുന്നു.
ടൈറ്റൻ പുതിയ സംഘത്തിന് കൈമാറുന്നതിന് മുമ്പ് കൂടുതൽ പരിശോധനകൾ നടത്തണമായിരുന്നെന്നാണ് ഡേവിഡ് പറയുന്നത്. ടൈറ്റൻ പരമാവധി ആഴത്തിലെത്തിയാൽ യാത്രക്കാർക്ക് ഉണ്ടാവാവുന്ന അപകടസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ കമ്പനിയുടെ സിഇഒ സ്റ്റോക്ടൺ റഷ് ടൈറ്റനെ ഏതെങ്കിലും ഏജൻസികളെക്കൊണ്ട് പരിശോധിപ്പിക്കുന്നതിനും സർട്ടിഫൈ ചെയ്യുന്നതിനും എതിരായിരുന്നു എന്നാണ് ഡേവിഡിന്റെ ആരോപണം. ടൈറ്റാനിക് കാണാൻ പോയ പേടകം സ്ഫോടനത്തിൽ തകർന്ന് മരിച്ചവരിൽ സിഇഒ സ്റ്റോക്ടൻ റഷുമുണ്ടായിരുന്നു.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി മൂന്ന് കിലോമീറ്ററിലധികം ആഴത്തിലേക്കാണ് യാത്ര ചെയ്യേണ്ടത്. ഇത്രയും മർദ്ദത്തിലേക്ക് പേടകം പോകുമ്പോൾ അതിനെ മറികടക്കാനുള്ള ശേഷി കപ്പലിന്റെ പുറംഭാഗത്തെ പാളിക്കില്ലെന്ന് കാണിച്ചാണ് ഡേവിഡ് ലോക്റിഡ്ജ് കോടതിയെ സമീപിച്ചത്. 2018-ലാണ് ലോക്റിഡ്ജ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് ജോലി പോയെന്നാണ് അദ്ദേഹം പറയുന്നത്.
ടൈറ്റന് യാത്രയ്ക്കായി ആവശ്യമായ പരീക്ഷണ പര്യവേഷണങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടൈറ്റൻ സ്‌ഫോടനത്തിൽ 12 കഷ്ണങ്ങളായി മുറിഞ്ഞെന്നാണ് കണ്ടെത്തൽ. പേടകത്തിലെ അഞ്ചു പേരുടേയും മരണം സ്ഥിരീകരിച്ചെന്ന് യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു.
ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരൻ ഷെഹ്‌സാദ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ടൈറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷൻഗേറ്റ് എക്സ്‌പെഡീഷൻസിന്റെ സി.ഇ.ഒ. സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവർ. ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി ഒന്നേമുക്കാൽ മണിക്കൂറിനകം പേടകത്തിൽനിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
Discussion about this post