സിയോൾ: കാൻസർ ബാധിതനെന്ന് പ്രചരിപ്പിച്ച് പണപ്പിരിവ് നടത്തിയ വിവാദ കൊറിയൻ സെലിബ്രിറ്റി ആത്മഹത്യ ചെയ്തു. 2011ലെ കൊറിയ ഗോട്ട് ടാലന്റിൽ രണ്ടാം സ്ഥാനം നേടി പ്രശസ്തനായ ഗായകൻ ചോയ് സുങ്-ബോങ്ങിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 33കാരനായ ചോയിയെ തെക്കൻ സിയോളിലെ യോക്‌സാം-ഡോങ് ജില്ലയിലെ വീട്ടിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പണത്തിന് വേണ്ടി കാൻസർ ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയത് ചോയിയുടെ ജനപ്രീതിയെ കാര്യമായി ബാധിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ ചോയിക്ക് ഈ ധനസമാഹരണം നിരവധി വിമർശകരെ സമ്മാനിച്ചിരുന്നു. ജനപ്രീതിക്ക് മങ്ങലേറ്റതോടെ പൊതുവേദികളിൽ കാര്യമായി പ്രത്യക്ഷപ്പെടാറില്ലായിരുന്നു ചോയ് സുങ്.
ചോയ് സുങ് 2021ലാണ് താൻ ഒന്നിലധികം തരത്തിലുള്ള ക്യാൻസറിനെതിരെ പോരാടുകയാണെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയത്. പിന്നീട് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരാമർശിച്ച അദ്ദേഹം തന്റെ ഏറ്റവും പുതിയ ആൽബത്തിന് പണം ആവശ്യമാണെന്നും പറയുകായയിരുന്നു. ഇക്കാര്യം പൊളിഞ്ഞതോടെ താരം തന്നെ പിന്നീട് തനിക്ക് രോഗമില്ലെന്ന് തുറന്നുസമ്മതിച്ചിരുന്നു.
വ്യാജ പ്രചാരണത്തിലൂടെ സമാഹരിച്ച തുക തിരികെ നൽകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. മരിക്കുന്നതിന് മുമ്പ് ഒരു കുറിപ്പ് ചോയ് സുങ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു.
‘എന്റെ വിഡ്ഢിത്തം സഹിച്ച എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ധനസമാഹരണത്തിലൂടെ ലഭിച്ച പണമെല്ലാം തിരിച്ചുനൽകി’- എന്നും കുറിപ്പിലുണ്ട്.