ബെയ്ജിങ്: വിസയില്ലാതെ ചൈനയില്‍ പറന്നിറങ്ങിയ അര്‍ജന്റീന ഫുട്ബാള്‍ ടീം നായകന്‍ ലയണല്‍ മെസ്സിയെ ബെയ്ജിങ് വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെച്ചു.
സ്പാനിഷ് പാസ്‌പോര്‍ട്ടുള്ളതിനാല്‍ ചൈനയില്‍ പ്രവേശിക്കാന്‍ വിസ വേണ്ടെന്ന് മെസ്സി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പാസ്‌പോര്‍ട്ടുകാര്‍ക്ക് വിസയില്ലാതെ തായ്വാനില്‍ പോകാന്‍ അനുമതിയുണ്ട്. തായ്വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് മെസ്സി കരുതിയത്. അതോടെ വിസക്ക് അപേക്ഷിക്കാതിരുന്നതാണ് പ്രശ്‌നമായത്.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന് എത്തിയതായിരുന്നു മെസ്സിയും സഹതാരങ്ങളും. മെസ്സിക്ക് അര്‍ജന്റൈന്‍, സ്പാനിഷ് പാസ്പോര്‍ട്ടുകളുണ്ട്. രണ്ടാമത്തേതാണ് താരം ചൈനയിലേക്ക് കൊണ്ടുപോയത്. വിസയില്ലാതെയെത്തിയ മെസ്സിയും ചൈനീസ് എയര്‍പോര്‍ട്ട് ഗാര്‍ഡുകളും തമ്മിലെ ആശയവിനിമയത്തിന് ഭാഷയും പ്രശ്‌നമായി. തുടര്‍ന്ന് അടിയന്തര വിസ ലഭ്യമാക്കിയാണ് മെസി ചൈനയില്‍ ഇറങ്ങിയത്.
നാളെ ബെയ്ജിങ്ങിലെ വര്‍ക്കേഴ്‌സ് സ്റ്റേഡിയത്തിലാണ് ആസ്‌ട്രേലിയ-അര്‍ജന്റീന സൗഹൃദ മത്സരം. ജൂണ്‍ 19ന് ഇന്തോനേഷ്യയിലെത്തി അവിടത്തെ ദേശീയ ടീമുമായും ലോക ചാമ്പ്യന്മാര്‍ കളിക്കും. ഫ്രഞ്ച് ലീഗ് വണ്‍ ടീമായ പി.എസ്.ജി വിട്ട മെസ്സി, ജൂലൈയിലാണ് ഇന്റര്‍ മിയാമി ക്ലബിനുവേണ്ടി കളിക്കുന്നതിന് അമേരിക്കയിലേക്ക് പോവുക.