ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ കാടുകളില്‍ വിമാനം തകര്‍ന്ന് അകപ്പെട്ട കുട്ടികളുടെ അമ്മ അപകടത്തില്‍ മരണപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. അമ്മ മഗ്ദലീന നാലു ദിവസംകൂടി ജീവിച്ചിരുന്നുവെന്ന് മൂത്ത കുട്ടി ലെസ്ലി പറഞ്ഞു. ബന്ധുക്കളോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. രണ്ടാഴ്ചകൂടി കുട്ടികള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും.
കുട്ടികള്‍ സംസാരിച്ചു തുടങ്ങിയെന്നും ബെഡില്‍ കഴിയുന്നതിനേക്കാള്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണു കുട്ടികള്‍ക്കു താത്പര്യമെന്നും ബന്ധുക്കള്‍ പറഞ്ഞു.
കൊളംബിയന്‍ വനത്തില്‍ മേയ് ഒന്നിനാണു കുട്ടികളും അമ്മയും മറ്റു രണ്ടു പേരും സഞ്ചരിച്ച വിമാനം തകര്‍ന്നുവീണത്. ഗുരുതരമായി പരിക്കേറ്റ, കുട്ടികളുടെ അമ്മ മഗ്ദലീന നാലുദിവസംകൂടി ജീവിച്ചുവെന്നു കുട്ടികളുടെ പിതാവ് മാനുവല്‍ റോണോക്ക് ആണ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അപകട സ്ഥലത്തുനിന്നു ദൂരേക്ക് പോകാനാണ്, മരിക്കുന്നതിനു മുന്‍പ് മഗ്ദലീന കുട്ടികളോട് ആവശ്യപ്പെട്ടത്.
വിഷപ്പാമ്പുകളും വന്യമൃഗങ്ങളും പ്രാണികളും നിറഞ്ഞ വനത്തില്‍ മരപ്പൊത്തിലാണു കഴിഞ്ഞതെന്ന് ഒരു കുട്ടി പറഞ്ഞുവെന്ന് കുട്ടികളുടെ അമ്മാവന് ഫിദെന്സിയോ വലന്‍സിയ അറിയിച്ചു. കുട്ടികള്‍ ചെറിയതോതില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ട്. നടക്കണമെന്നുള്ള ആഗ്രഹം ഒരു കുട്ടി പ്രകടിപ്പിച്ചു. നിരീക്ഷണത്തില്‍ കഴിയുകയാണ് കുട്ടികള്‍.
അപാപോറിസ് മേഖലയിലെ ആമസോണ്‍ കാട്ടില്‍ വിമാനം തകര്‍ന്നുവീണു കാണാതായ മൂന്നു പെണ്‍കുട്ടികളെയും ഒരാണ്‍കുട്ടിയെയും വെള്ളിയാഴ്ചയാണു തെരച്ചില്‍സംഘം കണ്ടെത്തിയത്. 13കാരിയായ മൂത്ത സഹോദരിയാണ് അമ്മയുടെ കരുതലോടെ സഹോദരങ്ങളെ ചേര്‍ത്ത് പിടച്ച് രക്ഷിച്ചത്.
Discussion about this post