ബോഗോട്ട: മാനവരാശി കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ആ നാല് കുട്ടികളുടെ പേര് എഴുതി ചേര്‍ക്കപ്പെടും. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണ്‍ കാടുകളിലെ ഇരുട്ടിലേക്ക് അപ്രത്യക്ഷമാവുക, 40 ദിവസങ്ങള്‍ക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുക. ആ അത്ഭുതവാര്‍ത്തയാണ് കഴിഞ്ഞദിവസം ലോകം ഒന്നടങ്കം കേട്ടത്.
പൈലറ്റും അമ്മയും കൂടെയുണ്ടായിരുന്നയാളും മരിച്ച വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് കൊളംബിയയിലെ ഘോരവനത്തില്‍ കാണാതായ കൈക്കുഞ്ഞ് ഉള്‍പ്പെടെ നാല് സഹോദരങ്ങളെ നാല്‍പ്പത് ദിവസത്തിന് ശേഷം കണ്ടെത്തി. ലെസ്ലി ജാക്കോബോംബെയ്ര് ( 13 ), സോളിനി ( 9 ), ടിയന്‍ ( 4 ) ക്രിസ്റ്റിന്‍ (1) എന്നിവരെ അപകടസ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ആഹാരക്കുറവു മൂലം ക്ഷീണിതരായ കുട്ടികളുടെ മുഖത്താകെ കീടങ്ങള്‍ കടിച്ച് നീരുകെട്ടിയിരുന്നു. കോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്ത കുട്ടികളെ ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേയ് 1ന് കൊളംബിയയിലെ ആമസോണസ് പ്രവിശ്യയിലെ അരാരകുവാരയില്‍ നിന്ന് സാന്‍ ജോസ് ഡെല്‍ ഗുവാവിയാരെയിലേക്ക് പുറപ്പെട്ട സെസ്‌ന 206 ചെറുവിമാനം വനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. യാത്ര പുറപ്പെട്ട് മിനുട്ടുകള്‍ക്കുകളില്‍ തന്നെ എന്‍ജിന്‍ തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നു.നിമിഷങ്ങള്‍ക്കകം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാവുന്നു. ഭര്‍ത്താവ് മാനുവല്‍ റനോക്കിനൊപ്പം താമസിക്കാനായാണ് ഹുയിറ്റോട്ടോ എന്ന തദ്ദേശീയ ഗോത്ര വിഭാഗത്തില്‍പ്പെട്ട മുകുതുയ് എന്ന സ്ത്രീ മക്കളെയും കൂട്ടി ബൊഗോട്ടയിലേക്ക് യാത്ര തിരിച്ചത്. കൂടെ ഒരു പ്രദേശവാസിയും പൈലറ്റും.
റഡാറില്‍ നിന്ന് കാണാതായ വിമാനത്തെത്തേടി അന്ന് മുതല്‍ സാറ്റ്‌ലെറ്റ് അന്വേഷണം തുടങ്ങുന്നു. ദുര്‍ഘടമായ ആമസോണ്‍ കാടുകളില്‍ മെയ് 15 ന് രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന് വീണ വിമാനത്തിനുള്ളില്‍ കാണുന്നത് യാത്രികരായ കുട്ടികളുടെ അമ്മയുടേയും പൈലറ്റിന്റേയും പ്രദേശവാസിയുടേയും മൃതദേഹങ്ങളാണ്. പരിസരം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും വിമാനത്തില്‍ ഉണ്ടായിരുന്ന നാല് കുട്ടികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
അപകടത്തില്‍ നിന്ന് ഈ കുട്ടികള്‍ രക്ഷപ്പെട്ടിട്ടുണ്ട് എന്ന ആദ്യ സൂചന അവിടെ നിന്നും തുടങ്ങുകയാണ്. വിമാനം വിട്ട് കുട്ടികള്‍ രക്ഷാസ്ഥാനം തേടി വനത്തിനുള്ളിലേക്ക് കേറി പോയിട്ടുണ്ടാകാമെന്നും രക്ഷാപ്രവര്‍ത്തകര്‍ കരുതി. കുട്ടികളുടെ പ്രായം, അപകടത്തിലെ പരിക്കുകള്‍ ഇതെല്ലാം ചേര്‍ത്ത് ആ വനത്തില്‍ അവര്‍ അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്ന് ദൗത്യസംഘം കണക്ക് കൂട്ടി. കാടിനെ അറിയുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട 13 വയസ്സുള്ള പെണ്‍കുട്ടിയുടെ സാന്നിധ്യം കുട്ടികളെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന സാധ്യത വര്‍ധിപ്പിച്ചു. കുട്ടികള്‍ ജീവനോടെ ഉണ്ടെന്ന ചില സൂചനകള്‍ രക്ഷാ സംഘത്തിന് ലഭിക്കുന്നു.
ആകാശം പോലും കാണാത്ത, മരണം പതിയിരിക്കുന്ന വനത്തില്‍ രക്ഷാ ദൗത്യം എളുപ്പമായിരുന്നില്ല. ഓപ്പറേഷന്‍ ഹോപ്പ് എന്ന രക്ഷാദൗത്യത്തില്‍ 160 സൈനികരും തെരച്ചില്‍ നായകളും കാടിന്റെ ഉള്ളറിയുന്ന 70 ഗോത്രവര്‍ഗക്കാരും കാട് അരിച്ചു പെറുക്കി. കുട്ടികളുടെ കാല്‍പ്പാടുകളും പാതി കഴിച്ച പഴങ്ങളും, പാല്‍ക്കുപ്പി, കത്രിക, ഹെയര്‍ ടൈ എന്നിവയും താത്കാലിക താമസസ്ഥലവും മൊബൈല്‍ ഫോണിന്റെ ലോഹഭാഗവും കണ്ടെത്തി. അതോടെ കുട്ടികള്‍ ജീവനോടെ ഉണ്ടെന്നും നിബിഡ വനത്തിലൂടെ അലയുകയാണെന്നും ഉറപ്പിച്ചു.
ഹെലികോപ്റ്ററുകളില്‍ ഭക്ഷണപ്പൊതികളും വെള്ളവും വനത്തില്‍ നിക്ഷേപിച്ചു. മുത്തശ്ശി ഫാത്തിമ വാലെന്‍ഷ്യയുടെ ശബ്ദത്തില്‍ ഹുയിറ്റോറ്റോ ഭാഷയില്‍ റെക്കോഡ് ചെയ്ത സന്ദേശങ്ങള്‍ ഹെലികോപ്റ്ററില്‍ നിന്ന് കാടിന്റെ അങ്ങോളമിങ്ങോളം കേള്‍പ്പിച്ചു. സംഘത്തിലെ ഒരു നായയാണ് മണംപിടിച്ച് കുട്ടികളെ ആദ്യം കണ്ടെത്തിയത്. ദൗത്യത്തിനിടെ കാണാതായ ഒരു നായയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
പരമ്പരാഗതമായ അറിവുകളാണ് കുട്ടികളെ അതിജീവനത്തിന് സഹായിച്ചത്. കാട്ടുപഴങ്ങളെ പറ്റിയുള്ള അറിവ് വിശപ്പകറ്റി. അമ്മ ജോലിക്ക് പോകുമ്പോള്‍ മൂന്ന് സഹോദരങ്ങളെയും പരിചരിച്ചത് മൂത്തകുട്ടിയായിരുന്നു. ഇതും അതിജീവനത്തിന് സഹായിച്ചു.
കുട്ടികളെ കണ്ടെത്തിയ വിവരം രാജ്യത്തെ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇന്നലെ പുറത്തുവിട്ടത്. കുട്ടികളെ കണ്ടെത്തിയെന്ന് അബദ്ധത്തില്‍ ട്വീറ്റ് ചെയ്തതിന് കഴിഞ്ഞമാസം പെട്രോയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.