ലോകത്തിലെ മുന്‍ നിര ഓണ്‍ലൈണ്‍ വ്യാപാര ശൃംഖലയായ ആമസോണിന്റെ സ്‌പെയ്‌നിലെ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. സേവന വേതന വ്യവസ്ഥകളില്‍ മാറ്റം ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇന്നും തുടരും.
സ്‌പെയ്‌നിലെ ഏറ്റവും വലിയ രണ്ട് തൊഴിലാളി സംഘടനകളായ വര്‍കേസ് കമ്മീഷനും ജെനറല്‍ യൂണിയന്‍ ഓഫ് വര്‍ക്കഴ്‌സുമാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ആമസസോണിന്റെ സ്‌പെയ്‌നിലെ ഏറ്റവും വലിയ ഗോഡൌണിലെ ജീവനക്കാരാണ് പണിമുടക്കുമായി രംഗത്ത് വന്നിട്ടുള്ളത്.
ക്രിസ്തീയ വിശ്വാസത്തില്‍ മൂന്ന് രാജാകന്മാര്‍ ക്രിസ്തുവിന് സമ്മാനം കൊടുത്തതിനെ സ്‌പെയ്‌നിലെ ജനങ്ങള്‍ ആഘോഷത്തോടെയാണ് കാണുന്നത്. ഈ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി സ്‌പെയിനില്‍ പരസ്പരം സമ്മാനം കൈമാറ്റം ചെയ്യാറുണ്ട്. ആമസോണിന്റെ പണിമുടക്ക് ഈ ദിവസത്തെ ആഘോഷത്തിനെ ബാധിക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.
വേതന വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വേണമെന്നാണ് ജോലിക്കാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തങ്ങള്‍ സമര രംഗത്താണെന്നും ലോകത്ത് സാമ്പത്തികമായി മികച്ച് നില്‍ക്കുന്ന കമ്പനിക്ക് എന്തുകൊണ്ട് തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കാത്തത് എന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്.
മികച്ച തൊഴില്‍ സാഹചര്യം നല്‍കാത്തതിനാല്‍ ജര്‍മ്മനിയിലേയും പോളണ്ടിലേയും നിരവധി ആമസോണ്‍ തൊഴിലാളികള്‍ ഇതിനകം ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെന്നാണ് ആമസോണ്‍ വ്യക്തമാക്കുന്നത്. 75 ശതമാനത്തിലധികം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വര്‍ക്കേഴ്‌സ് കമ്മീഷന്‍ നേതാക്കള്‍ പറയുന്നത്.
എന്നാല്‍ ആമസോണ്‍ ഇത് നിഷേധിച്ചു. തങ്ങളുടെ എല്ലാ തൊഴിലാളികളും ഇന്നലെ ജോലിക്കെത്തിയതായി ആമസോണ്‍ വക്താവ് അറിയിച്ചു. സ്‌പെയ്‌നിലെ പ്രതിമാസ മിനിമം വേതനം 1050 യൂറോയാണ്. എന്നാല്‍ ഇത് പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.