വീട്ടില്‍ തീ പടര്‍ന്നുപിടിച്ചപ്പോള്‍ ഉറങ്ങിക്കിടന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി, ആറു പേരുടെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ച വളര്‍ത്തു പൂച്ച അതേ തീയില്‍ അകപ്പെട്ട് യാത്രയായി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. അലീസ ജോണ്‍ ഹാളും അവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളുമാണ് ആറ് മാസം മാത്രം പ്രായമുള്ള വളര്‍ത്തു പൂച്ച നൈനയുടെ ഇടപെടലില്‍ രക്ഷപ്പെട്ടത്.
മാര്‍ച്ച് മൂന്നിന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീട്ടിലുള്ള ആരെയും ഉറങ്ങാന്‍ സമ്മതിക്കാത്ത വിധം നൈന ഉറക്കെ കരയുകയും ഉറങ്ങിക്കിടന്ന ജോണ്‍ ഹാളിന്റെ ശരീരത്തില്‍ ചാടി കയറി ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്നാല്‍, ജോണ്‍ ഹാള്‍ കരുതിയത് നൈന കളിക്കുകയാണെന്നാണ്.
അതുകൊണ്ട് തന്നെ അവള്‍ അത് കാര്യമായി എടുത്തില്ല. ഒടുവില്‍ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ അവള്‍ ഉണര്‍ന്നു പൂച്ചയെ മുറിയില്‍ നിന്ന് ഇറക്കി വിടാനൊരുങ്ങിയപ്പോഴാണ് എന്തോ പുകഞ്ഞു കത്തുന്ന മണം അവള്‍ക്ക് അനുഭവപ്പെട്ടത്. എന്താണെന്ന് അറിയാനായി താഴത്തേ നിലയിലേക്ക് ചെന്നപ്പോള്‍ അവിടെ മുഴുവന്‍ കറുത്ത പുക വ്യാപിച്ചിരുന്നു.
അപകടം മനസ്സിലാക്കിയ അവര്‍ ഉടന്‍ തന്നെ ഭര്‍ത്താവിനെയും കുട്ടികളെയും വിളിച്ചുണര്‍ത്തി വീടിന് പുറത്ത് കടക്കുകയായിരുന്നു. എന്നാല്‍, അവര്‍ പുറത്തുകടന്നപ്പോള്‍ നൈനയെ ശ്രദ്ധിച്ചിരുന്നില്ല, പിന്നീട് വളരെ വൈകിയാണ് തങ്ങളോടൊപ്പം നൈന ഇല്ലെന്ന് അവര്‍ അറിയുന്നത്.
തുടര്‍ന്ന് അവര്‍ വീണ്ടും കെട്ടിടത്തിനുള്ളില്‍ കയറി പരിശോധിച്ചെങ്കിലും അവളെ രക്ഷിക്കാനായില്ല. അപ്പോഴേയ്ക്കും നൈന മരണപ്പെട്ടിരുന്നു. ജോണ്‍ ഹാളിന്റെ മൂത്ത മകന്റെ മുറിയിലാണ് നൈനയുടെ ശരീരം കണ്ടെത്തിയത്. സ്വന്തം ജീവന്‍ നല്‍കിയാണ് തങ്ങളുടെ പൂച്ചക്കുട്ടി തന്റെ കുടുംബത്തിലെ എല്ലാവരെയും രക്ഷിച്ചതെന്ന് ജോണ്‍ ഹാള്‍ ദുഖത്തോടെ ഓര്‍ക്കുന്നു.