പുറത്തുകയറി കളിച്ചുരസിച്ച് സന്തോഷത്തോടെ സഞ്ചാരികള്‍ മടങ്ങി, പക്ഷെ ആനയ്ക്ക് ബാക്കിയായത് വളഞ്ഞ നട്ടെല്ലും ആജീവനാന്ത വേദനയുമാണ്. വിനോദ സഞ്ചാരികളുടെ ആനന്ദത്തിനും ആഘോഷത്തിനും ഇരയായി ശിഷ്ടകാലം വേദന അനുഭവിച്ച് കഴിയേണ്ടിവരുന്ന ഒരു ആനയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരുപാട് കാലം ആളുകളെ പുറത്ത് ചുമന്ന് നടന്ന് പുറംഭാഗം അകത്തേക്ക് വളഞ്ഞ അവസ്ഥയിലുള്ള പായ് ലിന്‍ എന്ന 71 വയസ്സുള്ള ആനയാണ് ചിത്രത്തില്‍. തായ്ലന്‍ഡിലെ വൈല്‍ഡ്ലൈഫ് ഫ്രണ്ട്സ് ഫൗണ്ടേഷനാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
25 വര്‍ഷമായി വിനോദസഞ്ചാരികളെ വഹിക്കുകയാണ് പായ് ലിന്‍. ഒരേസമയം ഏഴ് ആളുകളെ വരെ പായ് ചുമക്കുമായിരുന്നു. തുടര്‍ച്ചയായ സമ്മര്‍ദ്ദം ആനകളുടെ പുറകിലെ കോശങ്ങള്‍ക്കും അസ്ഥികള്‍ക്കും പ്രശ്നമുണ്ടാക്കുകയും നട്ടെല്ലിന് മാറ്റാന്‍ കഴിയാത്ത തകരാറുണ്ടാക്കുകയും ചെയ്തുവെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.
പല തെക്കുകിഴക്കന്‍ രാജ്യങ്ങളിലേയും പ്രധാന ടൂറിസ്റ്റ് അട്രാക്ഷനുകളില്‍ ഒന്നാണ് ആന സവാരി. മുകളില്‍ കെട്ടിവയ്ക്കുന്ന കാസ്റ്റ് അയണ്‍ കൊണ്ട് നിര്‍മ്മിച്ച സീറ്റില്‍ ആളുകളെ ഇരുത്തി വര്‍ഷങ്ങളോളം സഞ്ചാരികളെ ചുമക്കുകയാണ് ആനകളുടെ ദൗത്യം. സീറ്റിന്റെ ഭാരവും കയറുന്ന ആളുകളുടെ ഭാരവും മൃഗങ്ങളുടെ പിന്‍ഭാഗത്ത് വലിയ ക്ഷതമാണുണ്ടാക്കുന്നത്.
പായ് ലിന്റെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരം ബോധവത്കരണം അനിവാര്യമാണെന്നും ഇതുപോലുള്ള വിനോദപരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് ചിലര്‍ കമന്റില്‍ കുറിക്കുന്നത്.