ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ത്രീകള്‍ക്കും ഇനി മേല്‍വസ്ത്രമില്ലാതെ പാതു നീന്തല്‍ കുളത്തില്‍ ഇറങ്ങാം. അര്‍ധനഗ്‌നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ പുറത്താക്കിയതിനെതിരെ ഒരു യുവതി നല്‍കിയ പരാതിയിലാണ് പുതിയ നടപടി. പുതിയ നിയമപ്രകാരം ലിംഗഭേദമന്യേ എല്ലാവര്‍ക്കും അര്‍ധനനഗ്‌നരായി നീന്തല്‍ കുളത്തില്‍ ഇറങ്ങാം.
പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അധികൃതര്‍ കടുത്ത വിവേചനമാണ് കാണിക്കുന്നതെന്നും മേല്‍വസ്ത്രം ഇല്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി യുവതി സെനറ്റ് ഓംബുഡ്‌സ്പഴ്‌സന് പരാതി നല്‍കുകയായിരുന്നു.
ബെര്‍ലിനിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഓംബുഡ്‌സ്പഴ്‌സന്‍ ഓഫിസ് അറിയിച്ചു. ഓംബുഡ്‌സ്പഴ്‌സന്റെ ഇടപെടലോടെ നഗരത്തിലെ പൊതു നീന്തല്‍കുളങ്ങള്‍ തങ്ങളുടെ വസ്ത്രനിയമം മാറ്റുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകള്‍ക്ക് നീന്തല്‍കുളത്തില്‍ ഇറങ്ങുന്നതിന് ആജീവനാന്ത വിലക്കു വരെ ഏര്‍പ്പെടുത്തിയിരുന്നു.