കോടികളുടെ ഭാഗ്യം കൈയ്യെത്തും ദൂരത്ത് എത്തിയിട്ടും ഒരു രൂപ പോലും കിട്ടാത്തതിൽ ഹൃദയം തകർന്ന വേദനയിൽ 19 വയസുള്ള പെൺകുട്ടി. യുകെയിലെ ഹെർട്ട്‌ഫോർഡ്ഷയർ സ്വദേശിനിയായ റെയ്ച്ചൽ കെന്നഡിയ്ക്കാണ് 182 മില്യൺ പൗണ്ട് (1,765 കോടി രൂപ) യൂറോ മില്യൺ ജാക്ക്പോട്ട് അടിച്ചത്.
സ്ഥിരമായി ലോട്ടറിയെടുക്കുന്ന റെയ്ച്ചൽ താനെടുത്ത നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാൽ ലോട്ടറിയടിച്ച പണം തങ്ങൾക്ക് കിട്ടില്ലെന്ന് അറിഞ്ഞതിന്റെ നിരാശയിലാണ് അവളിപ്പോൾ.
ലോട്ടറിയെടുക്കുമ്പോൾ അതിനുള്ള പണം റെയ്ച്ചലിന്റെ അക്കൗണ്ടിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വിജയിച്ച നമ്പറുള്ള ടിക്കറ്റ് അവൾക്ക് സ്വന്തമായിരുന്നുമില്ല. അതുകൊണ്ടാണ് പണം അവൾക്ക് ലഭിക്കാതിരുന്നത്.
‘ഞാൻ ആപ്പ് സന്ദർശിച്ചു, അതിൽ ‘വിന്നിങ് മാച്ച്’ എന്ന് എഴുതിയിരുന്നു, ദൈവമേ, ഞാൻ വിജയിച്ചു എന്ന് ഞാൻ കരുതി. പിന്നാലെ എന്റെ ബോയ്ഫ്രണ്ട് ലിയാം മക്രോഹനെയും എന്റെ അമ്മയെയും വിളിച്ചു പറഞ്ഞു, അവർക്കും അത് വിശ്വസിക്കാനായില്ല’ എന്ന് റേച്ചൽ പറഞ്ഞു.
എന്നാൽ ആപ്പിലുള്ള നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ‘അതെ നിങ്ങൾക്ക് ശരിയായ നമ്പറുകൾ ലഭിച്ചു, പക്ഷേ ടിക്കറ്റ് പേയ്മെന്റിനായി നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലായിരുന്നു’ എന്നാണ് പറഞ്ഞത്. വിജയിച്ചുവെന്ന് കരുതിയപ്പോൾ ഞാൻ എല്ലാം മറന്നുള്ള സന്തോഷത്തിലായിരുന്നു, പക്ഷേ പണം ലഭിക്കില്ലെന്നറിഞ്ഞപ്പോൾ, യഥാർത്ഥത്തിൽ ലിയാം എന്നെക്കാൾ അസ്വസ്ഥനായിരുന്നു’ എന്ന് റെയ്ച്ചൽ പറഞ്ഞു.
‘ഞങ്ങൾ യഥാർത്ഥത്തിൽ ടിക്കറ്റ് വാങ്ങിയിട്ടില്ലെന്നാണ് ആ മനുഷ്യൻ ഫോണിൽ പറയുന്നത് കേട്ടപ്പോൾ ഞാൻ തീർത്തും തകർന്നുപോയി. അതിനിടെ ഞങ്ങളുടെ സ്വപ്ന ഭവനത്തെ കുറിച്ചും ആഡംബര കാറിനെ കുറിച്ചും സ്വപ്നം കാണുകയായിരുന്നു ഞാൻ.’ എന്ന് ലിയാം പ്രതികരിച്ചു.
Discussion about this post