മാഡ്രിഡ്: വിവാഹമോചന കേസിൽ ബന്ധം വേർപെടുത്തുമ്പോൾ ഭാര്യയ്ക്കും കുട്ടികൾക്കും നഷ്ടപരിഹാരവും ജീവനാംശവും നൽകുന്ന കോടതി ഉത്രവുകൾ അപൂർവ്വമല്ല. എന്നാൽ ഇപ്പോഴിതാ വിവാഹമോചന കേസിൽ സ്ത്രീ ചെയ്ത ജോലി കണക്കാക്കി അവർക്ക് പ്രതിഫലം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് ഒരു കോടതി. സ്‌പെയിനിലാണ് സംഭവം.
25 വർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേർപിരിഞ്ഞ ദമ്പതികളുടെ കേസിലാണ് കോടതിയിൽ വ്യത്യസ്തമായ ഉത്തരവ്. സമ്പന്നനായ ഒരു ബിസിനസുകാരനാണ് പരാതിക്കാരിയുടെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.
വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഇരുപത്തിയഞ്ച് വർഷവും ഭർതൃവീട്ടിലെ വീട്ടുജോലികൾ മുഴുവനും താൻ തനിയെ ആണ് ചെയ്തിരുന്നതെന്നും പുറത്തുപോയി ജോലി ചെയ്തിട്ടില്ലെങ്കിലും ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ജിമ്മിലെ പല കാര്യങ്ങളും താനാണ് നോക്കി നടത്തിയിരുന്നത് എന്നാണ് സ്ത്രീയുടെ വാദം. ഇക്കാലയളവിനുള്ളിലെല്ലാം വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെടുകയായിരുന്നു. അതിനുള്ള വിലയാണ് നഷ്ടപരിഹാരമെന്നും ഇവർ പറഞ്ഞതായാണ് റിപ്പോർട്ട്.
ഇതിന് നഷ്ടപരിഹാരം വേണമെന്നും ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത് വീടിനകത്തും വീട്ടിലെ കാര്യങ്ങൾ നോക്കിയും മാത്രമാണ് എന്നാണ് ഇവർ ഉന്നയിച്ചത്. ഇതിന് നഷ്ടപരിഹാരത്തുക ലഭിക്കണമെന്നും സ്ത്രീ വാദിച്ചു.
2020ലാണ് വിവാഹമോചനക്കേസിൽ തീരുമാനമായത്. എന്നാൽ തുടർന്നം നഷ്ടപരിഹാര കേസുമായി ഇവർ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് ഓരോ ദിവസത്തെയും വീട്ടുജോലിക്ക് കൂലി നിശ്ചയിച്ചുകൊണ്ട് കോടതി ഇവർക്ക് നഷ്ടപരിഹാരം നൽകാനുത്തരവിട്ടിരിക്കുകയാണ്.
ഇതോടെ പരാതിക്കാരിക്ക് ഒന്നേമുക്കാൽ കോടി രൂപയാണ് മുൻ ഭർത്താവ് നൽകേണ്ടി വരിക. ഇതിന് പുറമെ കുട്ടികളുടെ ചെലവിലേക്കും മുൻഭാര്യക്ക് ജീവനാംശമായും മറ്റൊരു തുക കൂടി നൽകേണ്ടതുണ്ട്. താൻ കൂടി അധ്വാനിച്ച് ഉണ്ടാക്കിയ പണമായിട്ടു പോലും ചില്ലിക്കാശ് പോലും തന്റെ പേരിൽ അദ്ദേഹം മാറ്റിവച്ചിരുന്നില്ലെന്നാണ് സ്ത്രീയുടെ പരാതി.