ബീജിംഗ്: ഓമനിച്ചു വളര്‍ത്തിയ നായക്കുട്ടി വാങ്ങിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കരടിയായി മാറിയതിന്റെ ഞെട്ടലില്‍ ഒരു കുടുംബം. യുനാന്‍ പ്രവിശ്യയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്ന ചൈനീസ് കുടുംബത്തിനാണ് അമളി സംഭവിച്ചത്.
2016ലാണ് ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തിലെ നായക്കുഞ്ഞാണെന്ന് കരുതി സു യുന്നിനും കുടുംബവും വംശനാശ ഭീഷണി നേരിടുന്ന കരടിയെ വാങ്ങിയത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ‘നായക്കുട്ടി’യുടെ ഭാരം 114 കിലോ ആയി. വൈകാതെ അത് രണ്ട് കാലില്‍ നിവര്‍ന്ന് നടക്കാന്‍ കൂടി തുടങ്ങിയതോടെ കുടുംബത്തിന് സംശയം തോന്നി.
ഇതോടെയാണ് ഏഷ്യാറ്റിക് ബ്ലാക്ക് ബിയര്‍ സ്പീഷീസിലെ കരടിയായിരുന്നു അതെന്ന് അവര്‍ തിരിച്ചറിഞ്ഞത്. ഒരു പെട്ടി പഴങ്ങളും രണ്ട് ബക്കറ്റ് നൂഡില്‍സും വരെ ‘നായക്കുട്ടി’ കഴിച്ചത് ഭീതി സൃഷ്ടിച്ചെന്ന് യുന്‍ പറയുന്നു.
വളര്‍ച്ച കൂടുംതോറും കരടിയുടെ രൂപം തെളിഞ്ഞുവരികയായിരുന്നു. കരടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ യുന്‍ അധികൃതരെ സമീപിച്ചു. അധികൃതര്‍ ഏറ്റെടുക്കുമ്പോള്‍ കരടിക്ക് 3 അടി ഉയരവും 182 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. കരടിയെ യുനാന്‍ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി. ഈ കരടിയെ ഹിമാലയന്‍ കരടി എന്നും ഏഷ്യാറ്റിക് ബ്ലാക്ക് ബിയറുകള്‍ എന്നും അറിയപ്പെടുന്നുണ്ട്. വന്യമൃഗങ്ങളെ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്.