വിമാനത്തില്‍ നോണ്‍ വെജ് ഓര്‍ഡറിന് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം; വെജ്കാര്‍ക്ക് ലഭിച്ചത് വെറും ഒരു ചെറുപഴം മാത്രം, അപമാനിച്ചെന്ന് യാത്രക്കാരന്റെ പരാതി

വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ചെയ്ത ക്രിസ് ചാരി എന്ന യാത്രക്കാരനാണ് ജപ്പാന്‍ എയര്‍ലൈന്‍സിനെതിരെ അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിമാനത്തില്‍ നോണ്‍ വെജ് ഓര്‍ഡറിന് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം നല്‍കിയപ്പോള്‍ വെജ് ഓര്‍ഡര്‍ ചെയ്ത തനിക്ക് ലഭിച്ചത് വെറും ഒരു ചെറുപഴം മാത്രമാണെന്ന പരാതിയുമായി യാത്രക്കാരന്‍. വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്ത ക്രിസ് ചാരി എന്ന യാത്രക്കാരനാണ് ജപ്പാന്‍ എയര്‍ലൈന്‍സിനെതിരെ അപമാനിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഏഴ് മണിക്കൂര്‍ നീണ്ട വിമാനയാത്രയില്‍ തനിക്ക് പ്രഭാത ഭക്ഷണമായി വെറും ചെറുപഴം മാത്രമാണ് വിമാനത്തിലെ അധികൃതര്‍ വിളമ്പിയതെന്നാണ് ഇദ്ദേഹം പരാതിപ്പെടുന്നത്. ലഭിച്ച പ്രഭാതഭക്ഷണത്തിന്റെ ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

‘വെജിറ്റേറിയന്‍ ഭക്ഷണമാണ് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് എയര്‍ഹോസ്റ്റസ് ഇന്നത്തെ എന്റെ ബ്രേക്ക് ഫാസ്റ്റ് വാഴപ്പഴമാണെന്ന് അറിയിച്ചു. അപ്പോഴും ഞാന്‍ വിചാരിച്ചത് പഴം ഉള്‍പ്പെട്ട എന്തെങ്കിലും വിഭവമായിരിക്കുമെന്നാണ്. പക്ഷേ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പ്ലേറ്റില്‍ ആകെ പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആകെ അന്തംവിട്ടുപോയി.’ എന്ന് ക്രിസ് ചാരി പറഞ്ഞു. എന്നാല്‍ തനിക്കൊപ്പമുള്ള നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്ത യാത്രക്കാര്‍ക്ക് ട്യൂണ, സാലഡ് ഉള്‍പ്പെട്ട വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം ലഭിച്ചെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വിമാനം നല്‍കുന്നത് ഒരു ലഘുഭക്ഷണവും ഒരു ഉച്ചഭക്ഷണവുമാണെന്നാണ് എയര്‍ലൈന്‍സിന്റെ വിശദീകരണം. തനിക്ക് ലഭിച്ച ഉച്ചഭക്ഷണവും മഹാമോശമായിരുന്നെന്ന് ക്രിസ് അഭിപ്രായപ്പെട്ടു.

Exit mobile version