വിവാഹ വാര്‍ഷികം മറന്നുപോയതിന്റെ പേരില്‍ ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് യുവാവിനെ ആക്രമിച്ചെന്ന് പരാതി. ഘട്‌കോപ്പറിലാണ് സംഭവം. 32 വയസുള്ള വിശാല്‍ നാംഗ്രേ എന്ന യുവാവിനെയാണ് ഭാര്യ കല്‍പനയും വീട്ടുകാരും മര്‍ദ്ദിച്ചത്. ഫെബ്രുവരി 18 നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹ വാര്‍ഷികം. എന്നാല്‍, ഭര്‍ത്താവ് അത് മറന്നു പോയതിനെ തുടര്‍ന്ന് 27 കാരിയായ ഭാര്യയും അവളുടെ സഹോദരനും മാതാപിതാക്കളും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു.
ഭര്‍ത്താവ് വിവാഹവാര്‍ഷികം ആശംസിക്കാന്‍ മറന്നു പോയതിന്റെ ദേഷ്യത്തില്‍ ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ തന്റെ സഹോദരനേയും മാതാപിതാക്കളേയും ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. ഒപ്പം ഭര്‍ത്താവിനോട് അയാളുടെ കൂടെ ജീവിക്കാന്‍ തനിക്ക് താല്പര്യമില്ല എന്നും പറഞ്ഞു.
യുവതി വിളിച്ച് പറഞ്ഞ ഉടനെ തന്നെ സഹോദരനും മാതാപിതാക്കളും എത്തുകയും, പിന്നാലെ, ഭാര്യയും വീട്ടുകാരും ചേര്‍ന്ന് യുവാവിനേയും യുവാവിന്റെ അമ്മയേയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതുകൊണ്ടും ഭാര്യവീട്ടുകാര്‍ നിര്‍ത്തിയില്ല, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യുവാവിന്റെ വാഹനവും വീടിന്റെ ജനാലയും നശിപ്പിക്കുകയും ചെയ്തു.
പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാന്‍ ചര്‍ച്ച നടന്നു എങ്കിലും അതിനിടയില്‍ വീണ്ടും കല്‍പന വിശാലിന്റെ അമ്മയെ തല്ലി എന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു കൊറിയര്‍ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് വിശാല്‍. ഭാര്യ കല്‍പന ഒരു ഫുഡ് ഔട്ട്‌ലെറ്റിലാണ് ജോലി ചെയ്യുന്നത്. 2018 ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടിയിലെ ബൈഗന്‍വാഡിയിലാണ് ഇരുവരുടെയും താമസം.