വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന 2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ഉറച്ച് മലയാളിയായ വിവേക് രാമസ്വാമിയും. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുപ്പത്തിയേഴുകാരനായ വിവേക്.
യുഎസിൽ സംരംഭകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമാണ് വിവേക് രാമസ്വാമി. പാലക്കാട്ടുനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ദമ്പതികളുടെ മകനാണ്. അമേരിക്കയിലാണ് രാമസ്വാമി ജനിച്ചതും വളർന്നതും.
ഒഹായോയിലാണ് രാമസ്വാമി താമസിക്കുന്നത്. ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവൻറ് സയൻസ് 2014ൽ സ്ഥാപിച്ചു. 2022ൽ സ്‌ട്രൈവ് അസറ്റ് മാനേജ്‌മെൻറ് എന്ന കമ്പനി സ്ഥാപിച്ചു.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി സ്വദേശിയാണ് വിവേകിന്റെ പിതാവ് വി ജി രാമസ്വാമി. അമ്മ ഗീത തൃപ്പൂണിത്തുറ സ്വദേശിയാണ്.
ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് വിവേക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പ്രസിഡൻഷൽ പ്രൈമറിയിൽ മത്സരിക്കാനൊരുങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻവംശജനാണ് വിവേക് രാമസ്വാമി.
ALSO READ- ‘മനുഷ്യത്വമില്ലാത്ത ഡോക്ടർ’; പ്ലക്കാർഡ് കഴുത്തിൽ തൂക്കിയിട്ട് ഒ.പിയിൽ എത്തി കാട്ടൂരിലെ ഡോക്ടർ; വ്യത്യസ്തമായ പ്രതിഷേധം അധിക്ഷേപത്തിന് എതിരെ
മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ വംശജയായ നിക്കി ഹേലി എന്നിവരുൾപ്പടെ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന മൂന്നു പേരാണു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഈ മാസം ആദ്യമാണ് നിക്കി ഹേലി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. രണ്ടു തവണ സൗത്ത് കരോലീനയിൽ ഗവർണറായിട്ടുള്ള നിക്കി ഹേലി ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്. 2024 നവംബർ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.
Discussion about this post