എനിക്ക് ഒത്തിരി ഇഷ്ടമാണ്, പക്ഷേ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്; ഉപേക്ഷിക്കപ്പെട്ട പൂച്ചയ്‌ക്കൊപ്പം വേദനയോടെ ഒരു കുറിപ്പ്

മാഞ്ചസ്റ്ററിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചയ്‌ക്കൊപ്പമുള്ള കുറിപ്പാണ് ഏവരുടേയും മനസിനെ ഉലയ്ക്കുന്നത്.

വളരെ ഇഷ്ടത്തോടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ പിരിയുമ്പോൾ ഉണ്ടാകുന്ന വേദനാജനകമായ പലസംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കണ്ണുനനയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സൈബർലോകം ഏറ്റെടുത്തിരിക്കുന്നത്.

മാഞ്ചസ്റ്ററിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചയ്‌ക്കൊപ്പമുള്ള കുറിപ്പാണ് ഏവരുടേയും മനസിനെ ഉലയ്ക്കുന്നത്. RSPCA -യുടെ മാഞ്ചസ്റ്റർ ആൻഡ് സാൽഫോർഡ് ബ്രാഞ്ചാണ് ലിലോ എന്ന ഒരു വയസുള്ള പൂച്ചക്കുട്ടിയെ കണ്ടെത്തിയത്. പൂച്ചയെ ഉപേക്ഷിക്കേണ്ടിവന്നതിൽ ക്ഷമാപണം നടത്തുന്നതാണ് കുറിപ്പ്.

‘അവളെ ഉപേക്ഷിക്കേണ്ടി വന്നതിൽ തനിക്ക് വേദനയുണ്ട്, മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ്’ എന്ന് കുറിപ്പിൽ പറയുന്നു. ഒപ്പം ലിലോ എങ്ങനെയുള്ള പൂച്ചയാണ്, അവൾക്ക് എന്തൊക്കെയാണ് ഇഷ്ടം എന്നതും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

‘എന്റെ പേര് ലിലോ, എനിക്ക് ഒരു വയസ്സായി. എന്റെ മമ്മിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. തന്നെ ഉപേക്ഷിക്കേണ്ടി വന്നതിൽ അവൾക്ക് വിഷമം ഉണ്ട്. എന്നെ കൂടെ നിർത്താൻ മാർഗമില്ലാത്തതിനാലാണ് അവൾ എന്നെ ഉപേക്ഷിച്ചത്. ലിലോയ്ക്ക് മൃദുവായ പുതപ്പുകളാണ് ഇഷ്ടം, ബെഡ്ഡിൽ നമ്മോടൊപ്പം പറ്റിച്ചേർന്ന് കിടക്കാൻ ഇഷ്ടപ്പെടുന്നു, മിക്കവാറും വീടിനകത്ത് ഇരിക്കാനാണ് ലിലോ കൂടുതൽ ഇഷ്ടപ്പെടുന്നത്’

എന്നെല്ലാം കുറിപ്പിൽ എഴുതിയിരിക്കുന്നു.

Exit mobile version