യുഎസിനെ പിന്നിലാക്കി; ലോകത്തിലെ ഏറ്റവും വലിയ ബലൂണ്‍ പാര്‍ക്ക് ഇനി ദുബായ്ക്ക് സ്വന്തം

മണിക്കൂറിന് 60 ദിര്‍ഹം മുതലാണ് പ്രവേശന നിരക്ക്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് 180 ദിര്‍ഹമാണ് നിരക്ക്.

balloon-park

ദുബായ്: യുഎസിലെ ബിഗ് ബൗണ്‍സ് പാര്‍ക്കിനെ മറികടന്ന്, ലോകത്തിലെ ഏറ്റവും വലിയ ബലൂണ്‍ പാര്‍ക്ക് ഇനി ദുബായ്ക്ക് സ്വന്തം. ദുബായിലെ പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ടിലെ ജംബക്‌സ് ഇന്‍ഫ്‌ലാറ്റബിള്‍ പാര്‍ക്ക് ആണ് ലോകത്തിലെ ഏറ്റവും വലിയ ബലൂണ്‍ പാര്‍ക്ക് എന്ന സ്ഥാനം കരസ്ഥമാക്കിയത്.

1262 ചതുരശ്ര മീറ്ററിലാണ് ദുബായിലെ പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ടിലെ ജംബക്‌സ് ഇന്‍ഫ്‌ലാറ്റബിള്‍ പാര്‍ക്ക് വ്യാപിച്ച് കിടക്കുന്നത്. യുഎസിലെ പാര്‍ക്ക് ആയിരം ചതുരശ്ര മീറ്ററാണ്. പാര്‍ക്കിന്റെ ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികാരികളില്‍ നിന്ന് പാര്‍ക്ക് മാനേജ്‌മെന്റ് ടീം ഏറ്റുവാങ്ങി.

കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ 15 മേഖലകളാണ് ദുബായിലെ പാര്‍ക്കില്‍ ഉള്ളത്. ഒരേസമയം 400 പേരെ ഉള്‍ക്കൊള്ളാന്‍ പാര്‍ക്കിന് ശേഷിയുണ്ട്. ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ഒബ്‌സ്റ്റേക്കിള്‍ കോര്‍ട്ട്, ഫണ്‍ ബോള്‍ കോര്‍ട്ട്, ചാടി മറിയാനുള്ള മതിലുകള്‍ എന്നിവ പാര്‍ക്കില്‍ ഉണ്ട്. സാധാരണ പാര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി സ്‌പോഞ്ച് പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്കിലെ ഓരോ റൈഡുകളും നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം, ദിനോ മാനിയ എന്ന പേരില്‍ അടുത്തകാലത്തായി അവിടെ ദിനോസര്‍ പരേഡ് തുടങ്ങിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് താമസിച്ച് ഉല്ലസിക്കാന്‍ പറ്റിയ പ്രധാനപ്പെട്ട വിനോദ മേഖലകളില്‍ ഒന്നാണ് ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സ്. മണിക്കൂറിന് 60 ദിര്‍ഹം മുതലാണ് പ്രവേശന നിരക്ക്. നാലുപേര്‍ അടങ്ങുന്ന കുടുംബത്തിന് 180 ദിര്‍ഹമാണ് നിരക്ക്.

Exit mobile version