പ്യോംങ്യാംഗ്: തന്റെ മകളുടെ പേര് മറ്റാര്‍ക്കും വേണ്ടെന്ന് വിചിത്ര നിലപാടെടുത്ത്
ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കിമ്മിന്റെ പത്തുവയസുകാരിയായ മകളുടെ പേര് ‘ജു ഏ’ എന്നാണ്. ഈ പേരുള്ള കുട്ടികളും സ്ത്രീകളും പേരു മാറ്റണമെന്നാണ് നിര്‍ദേശം.
പെണ്‍കുട്ടിയെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്താനും അവള്‍ക്ക് ചുറ്റും നിഗൂഢതയുടെ അന്തരീക്ഷം കെട്ടിപ്പടുക്കാനുമുള്ള ഭരണകൂടത്തിന്റെ ശ്രമമായിട്ടാണ് ഈ ഏറ്റവും പുതിയ നിര്‍ദേശത്തെ കാണുന്നത്.
റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിക്കുന്ന ഉത്തര കൊറിയയില്‍ നിന്നുള്ള അജ്ഞാത ഉറവിടങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സര്‍ക്കാരുകള്‍ ജു ഏ എന്ന് പേരുള്ള സ്ത്രീകളോട് അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് മാറ്റാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജിയോങ്ജു സിറ്റിയിലെ സുരക്ഷാ മന്ത്രാലയം ജു ഏ എന്ന് പേരുളള സ്ത്രീകളെ ഓഫീസിലേക്ക് വിളിപ്പിച്ചതായും ഒരാഴ്ചക്കകം അവരുടെ പേരുകള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരകൊറിയയില്‍ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംങ്ങളുടെയും പേരുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ തടഞ്ഞിരുന്നതായി 2014ല്‍ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേപോലെ കിം ജോങ് ഉന്നിന്റെ പേര് ഉപയോഗിക്കരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഉത്തരകൊറിയയുടെ സൈനിക പരേഡിനിടെ കിം ജോങ് ഉന്നിന്റെ മകള്‍ ജു ഏ വെള്ള പഫര്‍ ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് ഭീമാകാരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മിസൈലിന് മുന്നിലൂടെ നടന്ന് പോകുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. പരേഡിന് മുന്നോടിയായി ഒരു സൈനിക ബാരക്കില്‍ നടന്ന ആഡംബര വിരുന്നിലും ജു ഏ വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കിം ജോങ് ഉന്നിന്റെ മകളെ ആദ്യമായി പൊതുവേദിയില്‍ കണ്ടത്. കിം ജോങ് ഉന്നിന്റെ മൂന്ന് മക്കളില്‍ പൊതുസമൂഹത്തില്‍ കണ്ട ഒരേയൊരു കുട്ടി ജു ഏ മാത്രമാണ്.
Discussion about this post