തുര്‍ക്കിയില്‍ ഭൂകമ്പം നടന്ന സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ താരമായി ജൂലിയും റോമിയോയും. ഭൂകമ്പം ഉണ്ടായി മൂന്ന് ദിവസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന ആറ് വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയാണ് ജൂലിയും റോമിയോയും മാധ്യമങ്ങളില്‍ ഇടം നേടുന്നത്.
എന്‍ഡിആര്‍എഫ് ഡോഗ് സ്‌ക്വാഡിലെ ആറ് വയസ്സുളള ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായയാണ് ജൂലി. ഭൂകമ്പം ഉണ്ടായ മണ്ണില്‍ നിന്നും 80 മണിക്കൂറിന് ശേഷമാണ് ആറ് വയസ്സുകാരിയായ നൗറീനെ ഗാസിയാന്‍ടെപ് നഗരത്തിലെ ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജൂലി കണ്ടെത്തിയത്. നൗറീന്റെ കുടുംബത്തിലെ മൂന്ന് മുതിര്‍ന്നവരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നൗറീന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മണ്ണിനടിയിലെ മനുഷ്യന്റെ സാന്നിധ്യത്തെക്കുറിച്ച് അവള്‍ തന്റെ പരിശീലകനായ കോണ്‍സ്റ്റബിള്‍ കുന്ദന്‍ കുമാറിനെ അറിയിച്ചു. തുടര്‍ന്ന് റെസ്‌ക്യൂ ടീമിന്റെ ഭാഗമായ മറ്റൊരു നായ റോമിയോയെ കൊണ്ടുവന്നു. അവനും മനുഷ്യ സാന്നിധ്യം സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
ജൂലി ഞങ്ങളെ കെട്ടിടാവശിഷ്ടത്തിന്റെ അടിയിലുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് നയിച്ചു. അവള്‍ ഞങ്ങള്‍ക്ക് ഹീറോയാണ്, ”എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ ഉണ്ടെങ്കിലും നായ്ക്കളുടെ സ്‌ക്വാഡ് ഒരു അനുഗ്രഹമാണെന്ന് കര്‍വാള്‍ പറഞ്ഞു. റോമിയോ, ജൂലി, റാംബോ, ഹണി, ബോബ്, റോക്സി എന്നീ ആറ് നായ്ക്കള്‍ തുര്‍ക്കിയിലെ എന്‍ഡിആര്‍എഫ് റെസ്‌ക്യൂ ടീമിന്റെ ഭാഗമായുണ്ട്.