ദുബായ്: സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെയും രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കള്‍ക്കാണ് പോലീസ് തുണയായത്. താന്‍ പരിചരിച്ചതിനേക്കാള്‍ നന്നായി കുട്ടികളെ പോലീസ് നോക്കുന്നുണ്ടെന്നും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. അമ്മ ജയിലിലായതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ ഒമ്പത്, 12, 15 വയസ്സുള്ള മക്കള്‍ക്കാണ് പോലീസ് സംരക്ഷണമൊരുക്കിയത്.
ദുബായ്‌യില്‍ വലിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ വിധവയാണ് സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായത്. നിയമസ്ഥാപനത്തിലെ മാനേജറായിരുന്ന ഇവര്‍ 50,000 ദിര്‍ഹം ശമ്പളത്തിലാണ് ജോലിക്ക് കയറിയത്. എന്നാല്‍, ആദ്യ മാസങ്ങളില്‍ മാത്രമാണ് കൃത്യമായ ശമ്പളം ലഭിച്ചത്. അവസാന നാളുകളില്‍ 2000 ദിര്‍ഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലി നഷ്ടമായെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വാടക കൊടുക്കാന്‍പോലും പണം ഇല്ലാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് പുറത്താക്കി.
ശമ്പള വിഷയത്തില്‍ തൊഴിലുടമയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ ജയിലിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാല്‍, കുട്ടികളെ ഷാര്‍ജയിലെ പുതിയ താമസസ്ഥലത്താക്കിയാണ് ഇവര്‍ പോയത്. കുട്ടികളുടെ കാര്യം പോലീസിനോട് പറഞ്ഞതുമില്ല. എന്നാല്‍, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുള്ളതിനാല്‍ യുവതിയുടെ ജയില്‍മോചനം വൈകുകയും അവീറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ഇതോടെ വൈദ്യുതിയും വെള്ളവും പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടികളുടെ താമസം. സുഹൃത്തുക്കളുടെ സഹായത്തിലും താഴെയുള്ള റസ്റ്റാറന്റിലുമായിരുന്നു ഭക്ഷണം. റസ്റ്റാറന്റിലെത്തിയായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് കുട്ടികളുടെ വിവരങ്ങള്‍ യുവതി അറിഞ്ഞിരുന്നത്.
പോലീസ് അറിഞ്ഞാല്‍ കുട്ടികളെ ചൈല്‍ഡ് ഹോമിലാക്കുമെന്നും ഇതുവഴി അവര്‍ വേര്‍പിരിയുമെന്നും ഭയന്നാണ് കുട്ടികളുടെ കാര്യം പോലീസില്‍നിന്ന് മറച്ചുവെച്ചത്. എന്നാല്‍, ജയില്‍ മോചനം വൈകിയതോടെ മക്കളുടെ വിവരം പോലീസിനെ അറിയിച്ചു. കുട്ടികളെ വേര്‍പിരിക്കരുതെന്ന് മാത്രമായിരുന്നു ഇവരുടെ അഭ്യര്‍ഥന.
കുട്ടികളുടെ അവസ്ഥ അറിഞ്ഞതോടെ പോലീസ് ഷാര്‍ജ ചൈല്‍ഡ് ആന്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടു. മാതാവ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ സംരക്ഷണത്തിനായി ദുബായ് പോലീസിലെ വനിത ജീവനക്കാരിയെ നിയമിക്കാനും നിര്‍ദേശിക്കുകയായിരുന്നു. പോലീസിന്റെ മാനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇവരുടെ വാടക കുടിശ്ശിക തീര്‍ക്കുകയും ബില്ലുകള്‍ അടക്കുകയും ചെയ്തു.
ഇതിനുപുറമെ കുട്ടികള്‍ക്ക് മാസത്തില്‍ നിശ്ചിത സംഖ്യ സഹായം നല്‍കാനും തീരുമാനിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇവര്‍ക്ക് കുട്ടികളെ ദിവസവും കാണാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പ്യൂനിറ്റിവ് ആന്‍ഡ് കറക്ഷനല്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.
Discussion about this post