ബ്രസീല്‍: വിന്‍ഡോ സീറ്റിനെ ചൊല്ലി തമ്മില്‍ത്തല്ലിയതിനെ തുടര്‍ന്ന് 15 യാത്രക്കാരെ വിമാനത്തില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ വ്യാഴാഴ്ച ബ്രസീലിലാണ് സംഭവം നടന്നത്. സാല്‍വഡോര്‍ നഗരത്തില്‍ നിന്ന് സാവോ പോളോയിലേക്കുള്ള ഗോല്‍ എയര്‍ലൈന്‍സിന്റെ ജി 31659 വിമാനത്തിലായിരുന്നു തമ്മില്‍ത്തല്ല്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്നേ ഭിന്നശേഷിയുള്ള തന്റെ കുട്ടിയ്ക്കായി സീറ്റ് കൈമാറ്റം ചെയ്യമോ എന്ന് ഒരു സ്ത്രീ തന്റെ തൊട്ടുത്ത് വിന്‍ഡോ സീറ്റിലിരുന്ന സ്ത്രീയോട് ചോദിച്ചു. എന്നാല്‍ അവര്‍ അത് വിസമ്മതിച്ചു. പിന്നാലെ സ്ത്രീ തന്റെ ആവശ്യം വീണ്ടും ഉന്നയിക്കുകയും വാക്കുതര്‍ക്കം ആരംഭിക്കുകയും ചെയ്തു.
അതിനിടെ വിന്‍ഡോ സീറ്റിലിരുന്ന സ്ത്രീയുടെ കുടുംബത്തോടും ഇവര്‍ അക്രമാസക്തമായി സംസാരിച്ചു. തര്‍ക്കം വൈകാതെ കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സ്ത്രീകള്‍ തമ്മിലെ തര്‍ക്കം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലെ അടിപിടിയായി മാറി. പരസ്പരം മുഖത്ത് തല്ലി. സീറ്റുകള്‍ക്ക് മുകളില്‍ കയറി ഇടിച്ചു. പരസ്പരം തലമുടി പിടിച്ചു വലിച്ചു. ഒരു സ്ത്രീയുടെ വസ്ത്രവും കീറി.
ഇതെല്ലാം കണ്ട് മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ പ്രശ്‌നക്കാരായ 15 യാത്രക്കാരെ പുറത്താക്കിയ ശേഷമാണ് വിമാനം യാത്ര തുടങ്ങിയത്. അപ്പോഴേക്കും ടേക്ക് ഓഫ് സമയം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു.