ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വേണ്ട പരിഗണനയും പരിപാലനവും ലഭിച്ചാല്‍ അവര്‍ക്കും ആരെയും ആശ്രയിക്കാതെ തന്നെ ജീവിക്കാന്‍ ആവും. പരിമിതികളില്‍ ഒതുക്കി നില്‍ത്താതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മാതാപിതാക്കളുടെ പിന്തുണയാണ് അവര്‍ക്കേറ്റവും കൂടുതല്‍ ആവശ്യം.
എന്നാല്‍ ഓട്ടിസം ബാധിതനായ തന്റെ കുഞ്ഞു മകനെ സന്തോഷിപ്പിക്കാനായി വമ്പന്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കി അങ്ങേയറ്റം വിഷമത്തിലായ അച്ഛന്റെ കുറിപ്പാണ് വൈറലാകുന്നത്.
വാന്‍കൂവര്‍ സ്വദേശിയായ ഡേവിഡ് ഷെന്‍ എന്ന പിതാവാണ് ആറു വയസ്സുകാരനായ മകന് മാക്സിന്റെ പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ പാര്‍ട്ടിയ്ക്ക് എത്തിയത് ഒരേയൊരു സുഹൃത്ത് മാത്രമാണ്.
മകനെയും സഹപാഠികളെയും സന്തോഷിപ്പിക്കാന്‍ വലിയ ഒരു ഇന്‍ഡോര്‍ പ്ലേ ഗ്രൗണ്ട് കണ്ടെത്തി അവിടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. മകന്റെ ക്ലാസിലെ 19 കുട്ടികളെയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരെല്ലാം എത്തുമെന്ന് കരുതി അങ്ങേയറ്റം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു കുഞ്ഞു മാക്സ്.
എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ഒരേയൊരു കുട്ടി മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. പാര്‍ട്ടിക്കായി നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞിട്ടും മറ്റാരും എത്താതിരുന്നതോടെ പറഞ്ഞറിയിക്കാനാവാത്തത്രയും നിരാശയിലായിരുന്നു തങ്ങളെന്ന് ഡേവിഡ് പറയുന്നു. പാര്‍ട്ടിയില്‍ എത്തില്ല എന്ന് അറിയിക്കാന്‍ പോലും കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്.
കുട്ടികള്‍ക്കായി താന്‍ ഒരുക്കി വച്ചിരുന്ന പ്ലേ ഗ്രൗണ്ട് ഒഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങളും ഡേവിഡ് പങ്കുവച്ചിട്ടുണ്ട്. ഒടുവില്‍ മകനെയും പാര്‍ട്ടിക്കെത്തിയ ഒരേയൊരു സുഹൃത്തിനെയും വിഷമിപ്പിക്കാതെ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.
എന്നാല്‍ മാക്സിന്റെ പിറന്നാളിന് ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രം നടന്ന മറ്റൊരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ ഇതേ ക്ലാസിലെ 16 കുട്ടികളും പങ്കെടുത്തിരുന്നു എന്നതാണ് ഡേവിഡിനെ കൂടുതല്‍ വേദനിപ്പിച്ചത്. ഓട്ടിസം ബാധിതനായതുകൊണ്ട് മാക്സ് എത്രത്തോളം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് ഡേവിഡിന്റെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഹൃദയം നിറയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
My autism spectrum disorder kid is the different kid in the class. We invited all his classmates to his birthday party today & only 1 showed up. Difficult to explain to my kid & that kid's mom that only one classmate came. Not making assumptions but still an empty feeling day. pic.twitter.com/D2tSGL7iP1
— David Chen, concerned citizen 陳冠余 (@DavidChenTweets) May 14, 2022
മാക്സിന് ഫുട്ബോള്‍ കളിക്കാനും പിറന്നാള്‍ പാര്‍ട്ടികള്‍ക്കുമെല്ലാം ധാരാളം ക്ഷണങ്ങള്‍ കിട്ടിക്കഴിഞ്ഞു. ഇതിനെല്ലാം പുറമേ മെട്രോ വാന്‍കൂവര്‍ ട്രാന്‍സിറ്റ് പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ ഒരു റൈഡിനു പോകാനുള്ള ക്ഷണം വരെ മാക്സിനെ തേടിയെത്തി.
സംഭവം ജനശ്രദ്ധ നേടിയതോടെ പാര്‍ട്ടിക്ക് ക്ഷണിച്ചുകൊണ്ട് ഡേവിഡ് അയച്ചിരുന്ന ഇ-മെയില്‍ ശ്രദ്ധയില്‍പെട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ചില സഹപാഠികളുടെ മാതാപിതാക്കള്‍ വിളിച്ചതായും ഡേവിഡ് പറയുന്നു.
Discussion about this post