ഗര്‍ഭിണിയായ അമ്മയുള്‍പ്പടെയുള്ള എല്ലാ ബന്ധുക്കളേയും ഞെരിച്ചമര്‍ത്തി ഭൂകമ്പം; രക്ഷപ്പെട്ടത് ഒന്നര വയസുകാരി റഗദ് മാത്രം; തകര്‍ന്ന് സിറിയയും തുര്‍ക്കിയും

ഇസ്താംബൂള്‍: മൂന്ന് ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി പിടിച്ചു കുലുക്കിയതോടെ തുര്‍ക്കിയിലേയയും സിറിയയിലേയും ജനങ്ങള്‍ തീരാദുരിതത്തില്‍. ഇതിനോടകം നാലായിരത്തോളം മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇനിയും എത്രപേരാണ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് കണക്കാക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്.

ഇതിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ഒന്നരവയസുകാരി കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതായിരുന്നു സുരക്ഷാ സംഘം 18 മാസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തത്. പരിക്കേല്‍കകാതെ ആരോഗ്യവതിയായ സിറിയന്‍ പെണ്‍കുട്ടി റഗദ് ഇസ്മയിലിനെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത.്

കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ ഭൂരിഭാഗം പേരെയും ഭൂകമ്പം കവര്‍ന്നെടുത്തിരിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈകളില്‍ തപ്പിത്തടഞ്ഞതോടെയാണ് റഗദിനെ പുറത്തെടുക്കാനായത്. തിങ്കളാഴ്ച പുലര്‍ച്ചെ സിറിയന്‍ നഗരമായ ആസാസിലെ കെട്ടിട അവശിഷ്ടങ്ങളില്‍നിന്നാണ് റഗദിനെ രക്ഷിച്ചത്.

ALSO READ- നീന്തലറിയാതെ വെള്ളച്ചാട്ടത്തില്‍ വീണ് അവശനായി; സ്വന്തം ജീവന്‍ അവഗണിച്ച് വിജേഷിനെ ചുമലില്‍ തൂക്കിയെടുത്ത് രക്ഷിച്ച് ഫസലുദ്ദീന്‍

ഗര്‍ഭിണിയായ അമ്മക്കൊപ്പം അവളുടെ രണ്ട് സഹോദരങ്ങളും മരിച്ചുവെന്നാണ് റഗദിന്റെ അമ്മാവന്‍ പ്രതികരിച്ചത്. ദക്ഷിണ തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമാണ് ആയിരങ്ങളുടെ ജീവനെടുത്ത ഭൂകമ്പം ഉണ്ടായത്. തുടര്‍ചലനങ്ങള്‍ ദുരത്രത്തിന്റെ ആക്കം കൂട്ടുകയായിരുന്നു.

മരണസംഖ്യ ഇനിയും എട്ടുമടങ്ങ് ഉയര്‍ന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നിരവധി പേര്‍ പരിക്കേറ്റ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്.

Exit mobile version