ദുബായ്: കേസിലുള്‍പ്പെട്ട് ജയിലിലടയ്ക്കപ്പെട്ട വിധവയുടെ മൂന്നു കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി ദുബായ് പോലീസിന്റെ നന്മ. ഒമ്പതും 12ഉം 15ഉം വയസ്സുള്ള മൂന്ന് കുട്ടികളുടെ സംരക്ഷണമാണ് അമ്മ ജയിലിലായതിനെ തുടര്‍ന്ന് പോലീസ് ഏറ്റെടുത്തത്.
കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഉള്‍പ്പെട്ട് ജയിലിലായ സ്ത്രീ ആദ്യ ഘട്ടത്തില്‍ കുട്ടികള്‍ അപാര്‍ട്ട്‌മെന്റില്‍ തനിച്ചാണെന്ന കാര്യം പോലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. സാമൂഹിക പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയാല്‍ കുട്ടികള്‍ വേര്‍പെട്ടുപോകുമെന്ന് ഭയന്നാണ് കുട്ടികളുടെ കാര്യം മറച്ചുവെക്കാനുണ്ടായ സാഹചര്യമെന്ന് ഇവര്‍ പറയുന്നു.
ജയിലിലേക്ക് പോകുന്നതിന് മുമ്പായി സ്ത്രീ ഒരു സുഹൃത്തിനെ കുട്ടികളെ ശ്രദ്ധിക്കാന്‍ ഏല്‍പിച്ചിരുന്നു. ജയിലില്‍ നിന്ന് വൈകാതെ മോചിതയാകുമെന്നാണ് സ്ത്രീ കരുതിയിരുന്നത്. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടതോടെ മക്കള്‍ തനിച്ചാണെന്ന കാര്യം ഇവര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു.
കുട്ടികളുടെ കാര്യം അറിഞ്ഞതോടെ പോലീസ് അതിവേഗം വിഷയത്തില്‍ ഇടപെട്ട്, മൂന്ന് കുട്ടികളെയും പോലീസ് അപാര്‍ട്ട്‌മെന്റില്‍ കണ്ടെത്തുകയായിരുന്നു. ഷാര്‍ജ സാമൂഹിക സേവന വകുപ്പിന്റെ ബാലാവകാശ സംരക്ഷണ വകുപ്പ് അധികൃതരുടെ സഹകരണത്തോടെയാണ് കുട്ടികളുടെ കാര്യത്തില്‍ പോലീസ് ഇടപെട്ടത്.
മാതാവിന്റെ ആഗ്രഹംപോലെ കുട്ടികളെ വേര്‍പെടുത്താതെ സംരക്ഷിക്കാനാണ് പോലീസ് തീരുമാനിച്ചത്. ജയില്‍ മോചിതയാകുന്നതു വരെ കുട്ടികളുടെ സംരക്ഷണത്തിന് മറ്റു ബന്ധുക്കളില്ലാത്തതിനാല്‍, വനിത പോലീസ് ഉദ്യോഗസ്ഥ തന്നെ സേവനത്തിനായി രംഗത്തെത്തി.
ഹ്യൂമാനിറ്റേറിയന്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് മൂന്ന് കുട്ടികള്‍ക്കും പ്രതിമാസ ചെലവിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയും എല്ലാ വാടക, യൂട്ടിലിറ്റി ബില്ലുകളും അടച്ചുതീര്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മൂന്നു കുട്ടികളും ആരോഗ്യത്തോടെ ഒരുമിച്ചു കഴിയുകയാണെന്നും മാതാവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുബായ് വനിത ജയില്‍ ഡയറക്ടര്‍ കേണല്‍ ജാമില അല്‍ സആബി പറഞ്ഞു. കുട്ടികളെ ഏെറ്റടുത്ത ഉദ്യോഗസ്ഥ മാതാവ് ജയില്‍ മോചിതയാകുന്നതുവരെ കുട്ടികളെ സംരക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.