കളിക്കുന്നതിനിടെ ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കയറി ഒളിച്ച പതിനഞ്ചുകാരന്‍ പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു രാജ്യത്ത്. ജീവിതത്തില്‍ ഓട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് ബംഗ്ലാദേശില്‍ നിന്നുള്ള പതിനഞ്ച് വയസുള്ള കുട്ടിക്ക് സംഭവിച്ചത്.
ചിറ്റഗോംഗില്‍ വച്ച് കൂട്ടുകാരുടെ കൂടെ ഒളിച്ചു കളിക്കുകയായിരുന്ന 15 കാരനായ ഫാഹിം കളിക്കുന്നതിനിടെ ഷിപ്പിംഗ് കണ്ടെയ്‌നറില്‍ കയറി ഒളിച്ചു ശേഷം കണ്ടെയ്‌നര്‍ പൂട്ടുകയായിരുന്നു. ഇത്തിരി നേരം കഴിഞ്ഞപ്പോള്‍ അവന്‍ അതിനകത്ത് ഉറങ്ങിപ്പോയി. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു രാജ്യത്ത് എത്തിയാണ് അവന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.
കണ്ടെയ്‌നര്‍ മലേഷ്യയിലേക്കുള്ള കൊമേഷ്യല്‍ ഷിപ്പ് ആയിരുന്നു. ആറ് ദിവസം കഴിഞ്ഞ് മലേഷ്യയിലെത്തിയപ്പോഴാണ് അതിനകത്ത് നിര്‍ജ്ജലീകരണം സംഭവിച്ച, വിശന്നു തളര്‍ന്ന ഫാഹിമിനെ കണ്ടെത്തുന്നത്. അപ്പോള്‍ അവന്റെ ആരോഗ്യം വളരെ മോശം അവസ്ഥയിലായിരുന്നു. അധികൃതര്‍ കണ്ടെത്തുമ്പോള്‍ അവന് പനിയും ഉണ്ടായിരുന്നു.
കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ റെഡ്ഡിറ്റില്‍ പ്രചരിക്കുന്നുണ്ട്. അവന്റെ വീട്ടില്‍ നിന്നും 2300 മൈലുകള്‍ അകലെയായിരുന്നു അവന്‍. കുട്ടി സ്വയം കണ്ടെയ്‌നറിനകത്ത് കയറിയതാണ്. പിന്നീട് ഉറങ്ങിപ്പോവുകയായിരുന്നുവെന്ന് മലേഷ്യന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ആദ്യം കരുതിയിരുന്നത് ഇതൊരു മനുഷ്യക്കടത്താണ് എന്നാണ് എങ്കിലും പിന്നീട് സംശയം ദുരീകരിക്കപ്പെട്ടു.
Discussion about this post