പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ഇനി പണികിട്ടും. നഗരപ്രദേശത്തെ ചുവരുകളില്‍ ‘ആന്റി-പീ പെയിന്റ്’ അടിച്ച് അധികൃതര്‍. ലണ്ടനിലെ സോഹോ നഗരത്തിലാണ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന പ്രശ്‌നത്തിന് പരിഹാരമായി ആന്റി-പീ പെയിന്റ്’ അടിച്ച് പരീക്ഷിക്കുന്നത്.
ഇതൊരു വെറും പെയിന്റല്ല. ഇതൊരു വാട്ടര്‍ റിപ്പല്ലന്റ് സ്‌പ്രേ പെയിന്റ് ആണ്. ഈ പെയിന്റ് അടിച്ച ചുവരുകളില്‍ മൂത്രമൊഴിച്ചാല്‍ അത് തിരികെ ദേഹത്തു തെറിക്കും എന്നര്‍ത്ഥം. സോഹോ നഗരത്തിലെ പന്ത്രണ്ടോളം സ്ഥലങ്ങളിലുള്ള ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍, തിയ്യേറ്ററുകള്‍, മറ്റ് വിനോദ വേദികള്‍, താമസസ്ഥലങ്ങള്‍ എന്നിവക്കു സമീപമുള്ള ചുവരുകളിലെല്ലാം ഈ പ്രത്യേക പെയിന്റ് അടിച്ചിട്ടുണ്ട്.
ഈ പെയിന്റടിക്കുന്ന സ്ഥലങ്ങളില്‍ മൂത്രമൊഴിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും ഉണ്ട്. നിയമം ലംഘിച്ച്, എന്നാല്‍ ഇതൊന്നു പരീക്ഷിക്കാം എന്ന് വിചാരിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കും. ഏകദേശം 3,000 ത്തോളം സോഹോ നിവാസികളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും ബിസിനസ് ഉടമകളില്‍ നിന്നുമുള്ള പരാതികളെ തുടര്‍ന്നാണ് അധികൃതര്‍ ഇത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുന്നത്. പെയിന്റ് സ്‌പ്രേ ചെയ്ത സ്ഥലങ്ങളില്‍ അത് സൂചിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ട്. ‘ഇത് മൂത്രമൊഴിക്കാനുള്ള സ്ഥലമല്ല’ എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.
‘പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇവിടുത്തെ താമസക്കാര്‍ വളരെ അസ്വസ്ഥരാണ്. അവര്‍ രാവിലെ അവരുടെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മൂത്രത്തിന്റെ ദുര്‍ഗന്ധം ആണ് അനുഭവപ്പെടുന്നത്’ എന്ന് കൗണ്‍സിലര്‍ ഐസ ലെസ് പറഞ്ഞു. പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് കൂടുതല്‍ പിഴ ചുമത്താനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് ലെസ് അറിയിച്ചു.
പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ ലോകമെമ്പാടുമുള്ള പല നഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നം ആണെങ്കിലും സോഹോയില്‍ ഈ പ്രശ്‌നം കുറച്ച് കൂടുതലാണെന്നാണ് ജനങ്ങള്‍ പറയുന്നത്.