ന്യൂയോര്‍ക്ക്: ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 93-ാം വയസ്സില്‍ വിവാഹിതനായി എഡ്വിന്‍ ആല്‍ഡ്രിന്‍. വെള്ളിയാഴ്ച തന്റെ 93-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ആല്‍ഡ്രിന്റെ വിവാഹം. അദ്ദേഹത്തിന്റെ നാലാമത്തെ വിവാഹമാണിത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ആല്‍ഡ്രിന്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
കെമിക്കല്‍ എന്‍ജിനിയറിംഗില്‍ പിഎച്ച്ഡി നേടിയ 63കാരിയായ ഡോ. ആന്‍ക ഫൗറിനെയാണ് ആല്‍ഡ്രിന്‍ വിവാഹം കഴിച്ചത്. ആല്‍ഡ്രിന്റെ കമ്പനിയായ ബസ് ആല്‍ഡ്രിന്‍ വെഞ്ചേഴ്‌സിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അന്‍ക. ലോസ്ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നീല്‍ ആംസ്‌ട്രോംഗിന് പിന്നാലെ ചന്ദ്രനില്‍ കാലുകുത്തിയ വ്യക്തിയാണ് ബസ് ആല്‍ഡ്രിന്‍ (എഡ്വിന്‍ ആല്‍ഡ്രിന്‍). 1969 ജൂലായ് 21നാണ് അമേരിക്കയുടെ അപ്പോളോ 11 യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രോപരിതലത്തിലിറങ്ങിയ ആദ്യ മനുഷ്യനായി ചരിത്രം കുറിച്ചത്. 19 മിനിട്ടുകള്‍ക്ക് ശേഷമാണ് ബസ് ആല്‍ഡ്രിന്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ദൗത്യ സംഘത്തിലെ മൂന്നാമനായ മൈക്കല്‍ കോളിന്‍സ് അപ്പോള്‍ കമാന്‍ഡ് മോഡ്യൂളിനെ നിയന്ത്രിച്ച് ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു.
രണ്ട് മണിക്കൂര്‍ ആംസ്‌ട്രോംഗും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ തുടര്‍ന്നു. ജൂലായ് 24ന് മൂവരും വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി. നീല്‍ ആംസ്‌ട്രോംഗ് 2012ല്‍ 82-ാം വയസിലും മൈക്കല്‍ കോളിന്‍സ് 2021ല്‍ 90-ാം വയസിലും അന്തരിച്ചു. ചന്ദ്രനില്‍ ഇതുവരെ കാലുകുത്തിയ 12 പേരില്‍ ജീവിച്ചിരിക്കുന്ന നാല് പേരില്‍ ഒരാളാണ് ആല്‍ഡ്രിന്‍. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലിറങ്ങിയ അപ്പോളോ 17 ആണ് അവസാനമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്.
ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് യുഎസ് എയര്‍ഫോഴ്‌സ് ഓഫീസറായിരുന്ന ആല്‍ഡ്രിന്‍ കൊറിയന്‍ യുദ്ധത്തിലടക്കം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 1966ല്‍ നാസയുടെ ജെമിനി 12ലൂടെയും ആല്‍ഡ്രിന്‍ ബഹിരാകാശത്ത് എത്തിയിരുന്നു. 1971ല്‍ അദ്ദേഹം നാസയില്‍ നിന്ന് വിരമിച്ചു.
Discussion about this post