സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അയല്‍വാസികള്‍ക്ക് മരുന്ന് വാങ്ങി നല്കി നന്മയുടെ പ്രതീകമായി ഒരു കര്ഷകന്. പാവപ്പെട്ട തന്റെ അയല്‍ക്കാര്‍ ബുദ്ധിമുട്ടരുത് എന്ന് കരുതി കര്‍ഷകനായ ഹോഡി ചില്‍ഡ്രസ് ആണ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആളുകളുടെ ഫാര്‍മസി ബില്‍ പത്ത് വര്‍ഷക്കാലമായി അടച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെ എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ച ഹോഡി 10 വര്‍ഷം മുമ്പാണ് തന്റെ പ്രദേശത്തുള്ള ഫാര്‍മസിയില്‍ പോയി ഉടമയായ ബ്രൂക്കിന് എണ്ണായിരം രൂപ നല്‍കിയത്. മരുന്ന് വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് വേണ്ടി ഈ തുക ഉപയോഗിക്കണമെന്നും മാത്രമല്ല, ഒരാളും ആ പണം ആരാണ് തരുന്നത് എന്ന് അറിയരുതെന്നും ഹോഡി പറഞ്ഞിരുന്നു. ആരെങ്കിലും ആവര്‍ത്തിച്ച് ചോദിച്ചാല്‍ അത് ദൈവം തരുന്നതാണ് എന്ന് പറഞ്ഞാല്‍ മതി എന്നായിരുന്നു ഹോഡി ഫാര്‍മസി ഉടമയോട് പറഞ്ഞത്.
പിന്നീട് എല്ലാ വര്‍ഷവും തുടര്‍ച്ചയായി ഫാര്‍മസിയിലേക്ക് ഹോഡി പണം കൊടുക്കും. പാവപ്പെട്ടവര്‍ക്ക് മരുന്ന് വാങ്ങുന്നതിനായി ഫാര്‍മസിയില്‍ പണം ഏല്‍പ്പിക്കുന്ന കാര്യം അദ്ദേഹത്തിന്റെ വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല. ഹോഡിയുടെ പല അയല്‍ക്കാര്‍ക്കും ആ പണം ഉപകാരപ്പെട്ടു. മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ അവര്‍ക്ക് വെറും കയ്യോടെ മടങ്ങിപ്പോകേണ്ടി വന്നില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹോഡിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഫാര്‍മസിയില്‍ എത്താനായില്ല. ഫാര്‍മസിയില്‍ തുക എത്തിക്കാന്‍ അദ്ദേഹത്തിന് ആരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. അങ്ങനെയാണ് മകളോട് താന്‍ തരുന്ന തുക ഫാര്‍മസിയില്‍ എത്തിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുന്നത്.
അപ്പോഴാണ് ഹോഡിയാണ് ഇങ്ങനെ പണം നല്‍കുന്നത് എന്ന് എല്ലാവരും അറിഞ്ഞത്. അന്നാണ് മകള്‍ തന്റെ പിതാവിന്റെ വലിയ മനസ് കാണുന്നത്. ശരിക്കും താന്‍ അത്ഭുതപ്പെട്ടുപോയി എന്നും 10 വര്‍ഷമായിട്ടും തങ്ങളാരും ഇത് അറിഞ്ഞിരുന്നില്ല എന്നും ഹോഡിയുടെ മകളായ ടാനിയ നിക്സ് പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് ഹോഡി മരിച്ചു. ഇന്നും നന്മയുടെ പ്രതീകമായി എല്ലാവരുടേയും ഓര്‍മ്മയില്‍ ഹോഡി നിലനില്ക്കുന്നു.
Discussion about this post